അനില്‍ അംബാനിക്കും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കുമെതിരേ കുരുക്കു മുറുക്കിക്കൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ (തിരച്ചില്‍ നോട്ടീസ്). മൂവായിരം കോടി രൂപയുടെ വായ്പാതട്ടിപ്പു കേസിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന അന്വേഷണത്തിനിടെയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറങ്ങിയിരിക്കുന്നത്. ഇതേ കേസുമായി ബന്ധപ്പെട്ട് അടുത്ത ചൊവ്വാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് വെള്ളിയാഴ്ച രാവിലെ അനില്‍ അംബാനിക്ക് ഇഡി നോട്ടീസ് നല്‍കിയിരുന്നതാണ്. അതിനു പുറമെയാണ് ഇരട്ടി കുരുക്ക് എന്ന നിലയില്‍ ലുക്ക് ഔട്ട് നോട്ടീസ് കൂടി വൈകുന്നേരം പുറത്തിറക്കിയിരിക്കുന്നത്.
സംശയാസ്പദമായ ചുറ്റുപാടുകളിലുള്ള വ്യക്തികള്‍ നിയമനടപടികള്‍ ഒഴിവാക്കുന്നതിനായി രാജ്യം വിട്ടു പോകുന്നതു തടയുന്നതിനു വേണ്ടിയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത്. ഈ നോട്ടീസ് രാജ്യത്തേക്കു പ്രവേശിക്കുന്നതും രാജ്യത്തുനിന്നു പോകുന്നതുമായ എല്ലാ കേന്ദ്രങ്ങളിലുമെത്തുകയും ബന്ധപ്പെട്ട വ്യക്തികള്‍ അവിടെയെത്തിയാല്‍ അവരെ തടഞ്ഞുവയ്ക്കുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ക്ക് അനുമതി ലഭിക്കുകയും ചെയ്യും.
2017-2019 കാലയളവില്‍ യെസ് ബാങ്കില്‍ നിന്ന് അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് കമ്പനികള്‍ക്കു നല്‍കിയിരിക്കുന്ന മൂവായിരം കോടി രൂപയുടെ വായ്പകള്‍ വകമാറ്റിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിലാണ് ഇഡി ഇപ്പോള്‍. ഈ വായ്പ അനുവദിക്കുന്നതിന് യെസ് ബാങ്കിന്റെ അധികൃതര്‍ക്ക് അനധികൃതമായ പ്രത്യുപകാരം ലഭിച്ചിരുന്നുവെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി അനില്‍ അംബാനിയുമായി ബന്ധപ്പെട്ട അമ്പതു കേന്ദ്രങ്ങളില്‍ ഇഡി ജൂലൈ 24 മുതല്‍ തുടര്‍ച്ചയായി മൂന്നു ദിവസം റെയ്ഡ് നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടായിരുന്നു ഈ റെയ്ഡുകളും അന്വേഷണവും.
എന്നാല്‍ ഈ റെയ്ഡില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നു പറയപ്പെടുന്നു, 68.2 കോടി രൂപയുടെ വ്യാജ ബാങ്ക് ഗാരന്റി സംബന്ധിച്ച മറ്റൊരു കേസിലേക്കു കൂടി ഇഡി എത്തുകയായിരുന്നു. ഈ കേസിന്റെ ഭാഗമായാണ് അന്വേഷണം പിന്നീട് വിപുലപ്പെടുത്തിയിരിക്കുന്നത്. നിരവധി ഷെല്‍ കമ്പനികള്‍ നടത്തിപ്പോരുന്ന ബിശ്വാസ് ട്രേഡ്‌ലിങ്ക് എന്ന സ്ഥാപനം വ്യാജ ബാങ്ക് ഗാരന്റി നല്‍കി സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്ഇസിഐ)യെ കബളിപ്പിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതെന്നു പ്രഥമ ദൃഷ്ട്യാ തോന്നിപ്പിക്കുന്ന വ്യാജ ഇന്റര്‍നെറ്റ് ഡൊമെയ്ന്‍ തയാറാക്കിക്കൊണ്ടായിരുന്നു വ്യാജ ബാങ്ക് ഗാരന്റിയുടെ ഇമെയില്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ sbi.co.in എന്ന ഡൊമെയ്‌നിനോടു സാമ്യമുള്ള s-bi.co.in എന്ന ഇന്റര്‍നെറ്റ് ഡൊമെയ്‌നായിരുന്നു ഇതിനായി നിര്‍മിച്ചത്. ബാങ്കില്‍ നിന്നാണെന്ന ധാരണ സൃഷ്ടിക്കുന്ന ഇമെയിലുകള്‍ ഈ ഡൊമെയ്ന്‍ വിലാസത്തില്‍ നിന്നായിരുന്നു എസ്ഇസിഐക്ക് അയച്ചു പോന്നിരുന്നത്.

