ബംഗളൂരു: സമൂഹ മാധ്യമങ്ങളില്‍ ഓരോ സമയത്ത് ഓരോന്നാണ് ട്രെന്‍ഡ്. ഇപ്പോള്‍ ഏറ്റവും ജനപ്രിയ സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ തകര്‍ത്ത് ഓടുന്നത് ഡാന്‍സിങ് ഹസ്‌കിയാണ്. റഷ്യയുടെ ഏറ്റവും തണുപ്പേറിയ സൈബീരിയയില്‍ മഞ്ഞുപാളികള്‍ക്കിടയില്‍ സ്ലെഡ്ജ് വലിക്കാനും മറ്റുമായി ഉപയോഗിക്കുന്ന ഹസ്‌കി എന്ന നായയിനത്തെ എഐയുടെ സഹായത്തോടെ എഡിറ്റ് ചെയ്തുണ്ടാക്കിയിരിക്കുന്നതാണ് ഡാന്‍സിങ് ഹസ്‌കി എന്ന പേരിലുള്ള വീഡിയോകള്‍. ഇപ്പോള്‍ പരസ്യങ്ങള്‍ പോലും ഹസ്‌കിയെ കൂട്ടുപിടിച്ചാണ് ഇറക്കുന്നത്. കേരളം കണികണ്ടുണരുന്ന നന്മയെന്നു പേരിട്ടിരിക്കുന്ന മില്‍മയുടെ പരസ്യവും ഇപ്പോള്‍ ഹസ്‌കിക്കൊപ്പമാണ്.
വിശാല്‍ നായകനായ തമിഴ് ചിത്രം വെടിയിലെ ഇച്ച് ഇച്ച് എന്ന ഗാനത്തിലെ ചെറിയൊരു ഭാഗമാണ് ഹസ്‌കിയുടെ നൃത്തത്തിന്റെ പശ്ചാത്തലം. ഹസ്‌കി ഡാന്‍സ് ഡെയ്‌ലി എന്ന പേജാണ് ഇതിനു പിന്നിലെന്നാണ് പൊതുവേ പറയപ്പെടുന്നത്. ഒരു കാലത്ത് നാനോ ബനാനയായിരുന്നു ഇന്‍സ്റ്റയിലും മറ്റും താരം. അതു കഴിഞ്ഞ് ഹഗ് മൈ യങ്ങര്‍ സെല്‍ഫ് വന്നു. ഇപ്പോള്‍ ഹസ്‌കിയുടെ ഡാന്‍സ്. ഇത് എത്രകാലം ഓടുമെന്ന് ആര്‍ക്കും പറയാനാവില്ല.

