തിരുവനന്തപുരം: പത്തു ദിവസത്തിനുള്ളില്‍ ആറുപേര്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്ത് രോഗവ്യാപ്തിയെക്കുറിച്ചും രോഗവ്യാപനത്തെക്കുറിച്ചും വളരെ വിശദമായ പഠനം ആവശ്യമുണ്ടെന്ന് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമുയരുന്നു. രണ്ടു കാര്യങ്ങളാണ് പഠനം കൂടുതലായി വേണമെന്ന ആവശ്യത്തിലേക്ക് ബന്ധപ്പെട്ട ഏജന്‍സികളെ എത്തിക്കുന്നത്. ഒന്നാമതായി വടക്കന്‍ കേരളത്തില്‍, അതു തന്നെ, കോഴിക്കോട്, മലപ്പുറം വയനാട് ജില്ലകളിലാണ് പ്രധാനമായും രോഗം വ്യാപിക്കുന്നത്. രണ്ടാമതായി മലിനജലത്തില്‍ നിന്നു രോഗം വ്യാപിക്കുന്നു എന്ന പൊതു തത്വം പോലും കേരളത്തില്‍ ശരിയാകുന്നില്ല. കുളിമുറിയില്‍ മാത്രം കുളിക്കുന്നവര്‍ക്കു കൂടിയാണ് രോഗം വരുന്നത്.
ഈ വര്‍ഷം തന്നെ രോഗം ബാധിച്ച് സംസ്ഥാനത്തു മരിച്ചവരുടെ എണ്ണം പതിനാറായിട്ടുണ്ടെങ്കിലും ഇതുവരെ ഏകോപിതമായ പഠനമോ അന്വേഷണമോ നടത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. രോഗികള്‍ എത്തുന്ന ആശുപത്രികള്‍ ഒരു പൊതു പ്രോട്ടോകോള്‍ പാലിച്ച് ചികിത്സ നടത്തുന്നു, ചിലര്‍ രക്ഷപെടുന്നു, ചിലര്‍ മരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. എന്നാല്‍ സംസ്ഥാനത്ത് എങ്ങനെ രോഗം വ്യാപിക്കുന്നു, എത്രമാത്രം വ്യാപിക്കുന്നു, ഇതിന്റെ നിയന്ത്രണമത്തിന് ഇപ്പോഴുള്ളതില്‍ നിന്നു വ്യത്യസ്തമായി മറ്റെന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവര്‍ക്കും മറ്റും വളരെ അപൂര്‍വമായി ഉണ്ടാകുമായിരുന്ന രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം.മൂക്കിനെയും മസ്തിഷ്‌കത്തെയും വേര്‍തിരിക്കുന്ന നേര്‍ത്ത സ്തരത്തിലൂടെയോ കര്‍ണപുടത്തിലുള്ള നേര്‍ത്ത സുഷിരങ്ങളിലൂടെയോ അമീബ തലച്ചോറിലേക്ക് കടക്കുന്നു. അവിടെ ഇവ രോഗകാരണമായി മാറുന്നു. രോഗം വന്നു പോയാല്‍ രക്ഷപെടാന്‍ നൂറില്‍ മൂന്നോ നാലോ ചാന്‍സ് മാത്രമാണുള്ളത്. അങ്ങനെയിരിക്കെയാണ് മലിനജലവുമായി ഒരു സമ്പര്‍ക്കവുമില്ലാത്തവര്‍ക്കു പോലും കേരളത്തില്‍ രോഗം വരുന്നത്.അതിനാലാണ് വിശദമായ ആന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നതും.
അമീബിക് മസ്തിഷ്‌കജ്വരം, ഏകോപിച്ചുള്ള അന്വേഷണം വേണമെന്ന്
