പുതിയ ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം, ഈ പോക്ക് എവിടെ വരെ

കോഴിക്കോട്: അപൂര്‍വങ്ങളില്‍ അപൂര്‍വ രോഗം എന്നു പേരു കേട്ടിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തിനു പുതിയ വെല്ലുവിളിയായി മാറുകയാണോ. സംസ്ഥാനത്തെ ആരോഗ്യ മേഖലയിലാകെ കണ്ടുപരിചയമില്ലാത്ത ഈ രോഗത്തിന്റെ ആശങ്ക പടരുന്നു. കാരണം കഴിഞ്ഞ എട്ടു ദിവസത്തിനിടെ സംസ്ഥാനത്ത് മൂന്നു പേരാണ് ഈ രോഗം മൂലം മരിച്ചത്. നിലവില്‍ പതിനാലു പേര്‍ രോഗത്തിനു ചികിത്സയിലാണ്. അതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമായതിനാല്‍ വെന്റിലേറ്ററിലാക്കിയിരിക്കുകയാണ്. മലപ്പുറം ജില്ലയിലാണ് ഈ രോഗികള്‍ രണ്ടു പേരും. വിദേശത്തു നിന്നുവരെ മരുന്നെത്തിച്ചാണ് ഇവര്‍ക്കു നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. മൂന്നു മരണവും നടന്നത് കോഴിക്കോട് മെഡിക്കല്‍ കോളജിലാണെങ്കില്‍ വെന്റിലേറ്ററിലായ രണ്ടു പേരും മലപ്പുറം ജില്ലക്കാരാണ്. അതായത് കേരളത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകള്‍ ഈ രോഗത്തിന്റെ ഹോട്ട്‌സ്‌പോട്ടായി മാറുന്നുവെന്ന സംശയവും ജനിക്കുന്നു.
അമീബിക് മസ്തിഷ്‌ക ജ്വരത്തിനു മാത്രമല്ല നിപ ബാധയുണ്ടായപ്പോള്‍ അതിനും ഹോട്ട്‌സ്‌പോട്ടായത് കോഴിക്കോട് ജില്ലയായിരുന്നു. ജില്ലയില്‍ തന്നെ പേരാമ്പ്ര എന്ന ഒരു പ്രദേശമായിരുന്നു. ശനിയാഴ്ച ഉച്ചയോടെ മലപ്പുറം ജില്ലയിലെ തന്നെ വണ്ടൂരില്‍ നിന്ന് അമ്പത്താറുകാരിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വയനാട് ബത്തേരി സ്വദേശിയായ യുവാവ് മരിച്ചതും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ. കഴിഞ്ഞ വ്യാഴാഴ്ച മലപ്പുറം സ്വദേശിയായ പത്തുവയസുകാരനും രോഗം സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയും കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ചികിത്സയിലുള്ളത്.
രോഗം വ്യാപിക്കുന്നതിന്റെ പതിവു കാരണങ്ങളൊക്കെ ഉത്തരം മുട്ടുന്നത് ഏതാനും ദിവസം മുമ്പു മരിച്ച മുഹമ്മദ് ആഹില്‍ എന്ന മൂന്നു മാസം മാത്രം പ്രായമുള്ള കുട്ടിയുടെ കാര്യത്തിലാണ്. വെള്ളത്തിന്റെ മലിനീകരണം എന്നു പൊതുവേ പറയപ്പെടുന്ന കാരണം പോലും മാതാപിതാക്കള്‍ക്ക് രോഗലക്ഷണം പോലുമില്ലാത്ത ഈ കുഞ്ഞിന്റെ കാര്യത്തില്‍ ശരിയാകുന്നതേയില്ല.