അമീബിക് മസ്തിഷ്‌ക ജ്വരത്തെ അറിയുക, കരുതലുണ്ടാകുക, പേടിക്കാതിരിക്കുക

ഓസ്‌ട്രേലിയയില്‍ കണ്ടെത്തുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിക്കുകയും ചെയ്‌തൊരു അതിസൂക്ഷ്മ ഏകകോശ ജീവിയാണിപ്പോള്‍ കേരളത്തിന്റെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നത്. സ്വന്തം കിണറ്റിലെ വെള്ളം പോലും കുടിക്കാന്‍ പലര്‍ക്കും ഇപ്പോള്‍ ഭയം. എന്നാല്‍ അടുത്തകാലത്ത് പ്രചാരത്തില്‍ വന്നൊരു ചൊല്ലില്‍ പറയുന്നതു പോലെ ഭയമല്ല, ജാഗ്രതയാണ് വേണ്ടത്.
ഭയത്തിന്റെ കാരണം അമീബിക് മസ്തിഷ്‌ക ജ്വരം എന്ന അതിമാരകമായേക്കാവുന്ന രോഗം കേരളത്തില്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നതാണ്. ഇതിനു കാരണമാണ് ജനനം കൊണ്ട് ഓസ്‌ട്രേലിയനും ഏകകോശ ജീവിയുമായ നെഗ്‌ളേരിയ ഫൗളേരി എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഒരിനം അമീബ പ്രോട്ടിയസ്. വിരളമായി മാത്രം മനുഷ്യനിലെത്തുന്ന ഈ ജീവിക്ക് (ജീവിയെന്നു കേള്‍ക്കുമ്പോള്‍ തെറ്റിദ്ധരിക്കരുത്, കണ്ണില്‍ പോയാല്‍ കരുകരുക്കുക പോലുമില്ലാത്തത്ര കുഞ്ഞനാണ്) ശരീരത്തിലേക്ക് വാതില്‍ തുറന്നു കിട്ടുന്നത് തോട്ടിലും മറ്റും മുങ്ങിക്കുളിക്കുമ്പോള്‍ മൂക്കില്‍ കയറുന്ന വെള്ളത്തിലൂടെയാണ്. അല്ലാതെ കുടിക്കുന്ന വെള്ളമോ കഴിക്കുന്ന ഭക്ഷണമോ മനുഷ്യ വിസര്‍ജ്യമോ വഴിയൊന്നും ഇത് ശരീരത്തില്‍ കയറുകയേ ഇല്ല.
സാധാരണയായി നമ്മുടെ പ്രകൃതിയില്‍ മനുഷ്യരും രോഗാണുക്കളും തമ്മിലുള്ളൊരു സന്തുലിതാവസ്ഥയുണ്ട്. അത്തരം സാഹചര്യത്തില്‍ രോഗാണുക്കള്‍ അവയുടെ വഴിക്കു പോകും. നമ്മള്‍ നമ്മുടെ വഴിക്കും പോകും. എന്നാല്‍ ചിലപ്പോള്‍ രോഗാണുക്കളുടെ എണ്ണം വല്ലാതെ പെരുകും. അപ്പോള്‍ മാത്രമാണ് അവ നമുക്ക് ഭീഷണിയാകുന്നത്. ചിലപ്പോള്‍ രോഗാണുക്കളുടെ ശരീര ഘടനയ്ക്കു മാറ്റം വരുമ്പോഴും അവ കൂടിയ തോതില്‍ രോഗകാരികളായി മാറാം. വെള്ളത്തില്‍ സ്വതന്ത്രരായി ആര്‍ക്കും കാര്യമായ ഉപദ്രവമുണ്ടാക്കാതെ കഴിഞ്ഞിരുന്ന ഈ ജീവി പെട്ടെന്ന് പ്രശ്‌നമായെങ്കില്‍ അതിനു പിന്നില്‍ ചില കാരണങ്ങളുണ്ടാകാം.
അതില്‍ ഒന്നാമത്തേത് ഇവയുടെ എണ്ണം പെട്ടെന്നു കൂടുന്നതാണ്. അങ്ങനെ എണ്ണം പെരുകാന്‍ ചില കാരണങ്ങളുണ്ടാകാം. നമ്മുടെ ജലാശയങ്ങളും മറ്റും മലിനമാകുന്നതാകാം അതിനു പ്രധാനമായ കാരണം. ഇവയ്ക്ക് ഭക്ഷിക്കാന്‍ തക്ക സാധനങ്ങള്‍ വെള്ളത്തില്‍ അധികമായി മാറുന്നതാണ് എണ്ണം പെരുകുന്നതിനു കാരണാകാവുന്നത്. വെള്ളത്തില്‍ പായല്‍ പിടിക്കുന്നതും വെള്ളം കെട്ടിക്കിടക്കുന്നതുമെല്ലാം അതുപോലെ തന്നെ വെല്ലുവിളിയായി മാറാവുന്നതാണ്. ഇവയെല്ലാം വെള്ളത്തിന്റെ യൂട്രോഫിക്കേഷന്‍ ലെവല്‍ വര്‍ധിപ്പിക്കുന്നു. തീറ്റയാകുന്ന മാലിന്യങ്ങളുടെ അളവു കൂടുന്നു എന്നു മാത്രമേ ഈ വാക്കിന് അര്‍ഥമുള്ളൂ. എണ്ണം കൂടാന്‍ ചിലപ്പോള്‍ ഇവയെ ആഹരിക്കുന്ന ജീവജാലങ്ങളുടെ എണ്ണം കുറയുന്നതും കാരണമാകാം. അതായത് ഭക്ഷണശൃംഘല തകരുന്നതു മൂലമുള്ള പ്രശ്‌നം. അതുമല്ലെങ്കില്‍ വെള്ളത്തിന്റെ രാസഘടന മാറുന്നതും കാരണമാകാം. ഇവയുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ രാസഘടനയിലേക്ക് വെള്ളമെത്തുന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്തായാലും ഇവയുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചിരിക്കുന്നു എന്നു സ്വാഭാവികമായും ഇപ്പോള്‍ സംശയിക്കാം.
രണ്ടാമത്തെ കാരണം പരിസ്ഥിതി പരമാണ്. ഇത്തരം അമീബ വളരാന്‍ ഏറ്റവും അനുകൂലമായ ജല താപനില 25-42 ഡിഗ്രി സെല്‍ഷ്യസാണ്. വേനല്‍ക്കാലത്ത് നമ്മുടെ ജലാശയങ്ങളിലെ വെള്ളം ചൂടുള്ളതാകും. ഈ അവസ്ഥയില്‍ കൂടിയ താപനില ഇഷ്ടപ്പെടുന്ന ്മീബകള്‍ ധാരാളമാകുകയും ചിലപ്പോള്‍ ഇവയുടെ സ്വാഭാവിക ശത്രുക്കള്‍ കുറഞ്ഞു പോകുകയും ചെയ്യാം.
മൂന്നാമതായി സംശയിക്കേണ്ട ഘടകം മനുഷ്യരുടെ ജീവിത രീതികളില്‍ വന്ന മാറ്റമാണ്. ജനങ്ങളുടെ കൂടിച്ചേരലുകളുടെയും യാത്രകളുടെയും വിനോദത്തിന്റെ ഭാഗമായി സ്വിമ്മിങ് പൂളുകളിലും കനാലുകളിലും മുങ്ങിക്കുളിക്കുന്ന ശീലം കൂടിയതും പ്രശ്‌നമാകാം.
ഇനി, ചെറിയ കുട്ടികളില്‍ കൂടുതലായി രോഗം കണ്ടു വരുന്നതിനും ഒരു കാരണമുണ്ട്. അവരുടെ മൂക്കിനകത്തെ തൊലി വളരെ മൃദുവാണ്. വെള്ളത്തില്‍ നിന്നു മാത്രമേ ഇവ പകരുകയുള്ളൂ എന്നും മൂക്കിനകത്തു കൂടി മാത്രമേ ശരീരത്തില്‍ പ്രവേശിക്കുകയുള്ളൂ എന്നും ശാസ്്ത്രം കണ്ടെത്തിയിട്ടുണ്ട്. അപ്പോള്‍ മൂക്കിലെ തൊലി ഏറ്റവും നേര്‍ത്തു കുട്ടികള്‍ അണുബാധിതമായ വെള്ളവുമായി കൂടുതല്‍ സമ്പര്‍ക്കത്തില്‍ വന്നാല്‍ രോഗബാധയ്ക്കുള്ള സാധ്യതയും കൂടും. ഒരു പക്ഷേ, അതായിരിക്കാം കുട്ടികളെ ഈ രോഗാണു തിരഞ്ഞു പിടിക്കാനുള്ള കാരണം.
ഒരു പക്ഷേ, ഇന്ത്യയില്‍ മറ്റു സ്ഥലങ്ങളിലും ഈ രോഗം ഇതിലും അധികമായി പോലും കണ്ടേക്കാം. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പ്രധാനമായും കേരളത്തിലാണ്. അതിനു കാരണം നമ്മുടെ ആരോഗ്യരക്ഷാ മേഖല അത്രയും വികസിതമായതു മൂലമാണെന്നു നിസംശയം പറയാം. ഇവിടെ പനിരോഗവുമായി ആരു വന്നാലും അവരെയെല്ലാം കര്‍ശനമായ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കാറുണ്ട്. അപ്പോള്‍ രോഗബാധ തിരിച്ചറിയാനും സാധ്യത കൂടും. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെല്ലാം ഈ രോഗം കണ്ടെത്താനുള്ള പിസിആര്‍ പരിശോധനയ്ക്ക് ഇപ്പോള്‍ സൗകര്യമുണ്ടെന്നോര്‍ക്കുക. അപ്പോഴും ഓര്‍ക്കുക, വളരെ ചെറിയ പനിബാധിതരില്‍ മാത്രമാണ് ഈ രോഗം കണ്ടെത്തിയിട്ടുള്ളത്. അത്രമാത്രം നിസാരമാണിതിന്റെ വ്യാപനം. എന്നുകരുതി അലംഭാവത്തിന്റെ ആവശ്യമില്ല. ആദ്യം പറഞ്ഞ ചൊല്ല് തന്നെ ആവര്‍ത്തിക്കട്ടെ, ഭയമല്ല, ജാഗ്രതയാണ് വേണ്ടത്.

(കടപ്പാട്: ട്രൂ കോപ്പി തിങ്ക് മാസികയിലെ ഡോ. ടി ജയകൃഷ്ണന്റെ പഠനം)