കൊച്ചി: മലയാള സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പില്‍ മത്സരാര്‍ഥികളുടെ അന്തിമചിത്രം തെളിയുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് നേര്‍ക്കുനേര്‍ മത്സരവും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാത്ത വിജയവും ഇതില്‍ ശ്രദ്ധേയം.
നാമിനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിരുന്ന മറ്റെല്ലാവരും പത്രിക പിന്‍വലിച്ചതോടെ നടി ശ്വേത മേനോനും നടന് ദേവനും തമ്മില്‍ നേര്‍ക്കു നേര് മത്സരമായി. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് യുവനടി അന്‍സിബ ഹസനാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. പത്രിക സമര്‍പ്പിച്ച പതിമൂന്നു പേരില്‍ പന്ത്രണ്ടു പേരും ഇന്നലെയോടെ പത്രിക പിന്‍വലിച്ച് മത്സരരംഗത്തു നിന്നു പിന്‍വാങ്ങി. പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയിരുന്ന ജഗദീഷ് നേരത്തെ പിന്‍വാങ്ങിയിരുന്നു. ശേഷിച്ചിരുന്ന രവീന്ദ്രന്, ജയന് ചേര്‍ത്തല, രവീന്ദ്രന് എന്നിവര്‍ ഇന്നലെയും പത്രിക പിന്‍വലിച്ചു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയിരുന്ന നവ്യ നായര്‍ ഇന്നലെ പത്രിക പിന്‍വലിച്ചു. എന്നാല്‍ ജയന് ചേര്‍ത്തല, ലക്ഷ്മിപ്രിയ, നാസര്‍ ലത്തീഫ് എന്നിവര്‍ മത്സര രംഗത്ത് ഉറച്ചു നിന്നതോടെ ത്രികോണ മത്സരത്തിനു കളമൊരുങ്ങി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും ത്രികോണ മത്സരം തന്നെയാണ് നടക്കുക. കുക്കു പരമേശ്വരന്, രവീന്ദ്രന്, ബാബുരാജ്, അനൂപ് ചന്ദ്രന് എന്നവരാണ് മത്സരത്തിനു തയാറായിരുന്നതെങ്കിലും ബാബുരാജ് ഇന്നലെ പത്രിക പിന്‍വലിച്ചു. എന്നു മാത്രമല്ല, അമ്മയുടെ സംഘടനാ പ്രവര്‍ത്തന രംഗത്തു നിന്ന് എന്നന്നേക്കുമായി പിന്മാറുകയാണെന്നും ബാബുരാജ് അറിയിച്ചു. ആരോപണ വിധേയരായവര്‍ മത്സരിക്കരുതെന്ന പൊതുവികാരമാണ് ബാബുരാജ് ഇടയാന്‍ കാരണമായതെന്നറിയുന്നു. ട്രഷറര്‍ സ്ഥാനത്തേക്കും രണ്ടു പേര് തമ്മില്‍ നേരിട്ടുള്ള മത്സരമാണ്. ഉണ്ണി ശിവപാല്‍, അനൂപ് ചന്ദ്രന് എന്നിവരാണ് ഈ സ്ഥാനത്തേക്ക് മത്സര രംഗത്ത് ശേഷിക്കുന്നത്.
അമ്മ പ്രസിഡന്റ് ശ്വേത മേനോനും ദേവനും മാറ്റുരയ്ക്കുന്നു
