അമ്മയില്‍ പെണ്‍യുഗം, ശ്വേത മേനോന്‍ പ്രസിഡന്റ്, കുക്കു സെക്രട്ടറി

കൊച്ചി: മലയാളത്തിലെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ വിവിധ സ്ഥാനങ്ങളിലേക്ക് ഇന്നു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം അറിവായിക്കൊണ്ടിരിക്കുമ്പോള്‍ മഹിളാമുന്നേറ്റം. പ്രസിഡന്റായി പ്രസിഡന്റായി ശ്വേത മേനോനും ജനറല്‍ സെക്രട്ടറിയായി കുക്കു പരമേശ്വരനും വിജയിച്ചു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നേരത്തെ എതിരില്ലാതെ അന്‍സിബ ഹസന്‍ വിജയിച്ചിരുന്നതാണ്. ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി ശിവപാലും വിജയിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തിന്റെ ഫലം പ്രഖ്യാപിച്ചിട്ടില്ല. ലീഡ് ചെയ്യുന്നത് ജയന്‍ ചേര്‍ത്തലയാണ്.
നടന്‍ ദേവനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോന്‍ തോല്‍പിച്ചത്. രവീന്ദ്രനെതിരേയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കുവിന്റെ വിജയം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ത്രികോണ മത്സരമാണ്. ജയന്‍ ചേര്‍ത്തല, നാസര്‍ ലത്തീഫ്, ലക്ഷ്മിപ്രിയ എന്നിവരാണ് മത്സരിക്കുന്നത്. ആ ഫലവും വൈകാതെ പ്രഖ്യാപിക്കും.
ഇത്തവണ മത്സരത്തില്‍ പോളിങ് അറുപതു ശതമാനത്തില്‍ താഴെ പോയി എന്നതാണ് പ്രചാരണത്തിലെ വീറിനെയും വാശിയെയും അസ്ഥാനത്താക്കിയത്. ഏറ്റവുമധികം വിവാദങ്ങള്‍ ഉയര്‍ന്നതും ഇത്തവണത്തെ തിരഞ്ഞെടുപ്പിലാണ്. 506 അംഗങ്ങളാണ് അമ്മയിലുള്ളതെങ്കിലും വോട്ടുചെയ്യാനെത്തിയത് 298 പേര്‍ മാത്രമാണ്. ്അവസാനത്തെ വോട്ടു ചെയ്തത് ഗിന്നസ് പക്രുവാണ്. രണ്ടു മണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു.