ജയിലിലായാല്‍ മന്ത്രിസ്ഥാനം തെറിക്കുന്ന ഭരണഘടനാ ഭേദഗതി ലോക്‌സഭയില്‍, തരൂരിന്റെ തുണ

ന്യൂഡല്‍ഹി: അറസ്റ്റിലായി മുപ്പതു ദിവസമോ അതില്‍ കൂടുതലോ ജയിലില്‍ കിടക്കുന്ന മന്ത്രിമാരെ സ്ഥാനത്തു നിന്നൂ നീക്കാന്‍ വ്യവസ്ഥ ചെയ്യുന്ന വിവാദ ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചു. ബില്ലിന്റെ കോപ്പി അമിത് ഷായ്ക്കു നേരേ കീറിയെറിഞ്ഞ് പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ഉള്‍പ്പെടെ ഏതു മന്ത്രിയെയും സ്ഥാനത്തു നീക്കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. അഞ്ചുവര്‍ഷമോ അതിലധികമോ ശിക്ഷ കിട്ടാവുന്ന കേസുകളിലായിരിക്കും ഇതു ബാധകമാക്കുക. പ്രതിപക്ഷ ബഹളത്തിനും അതിനാടകീയ രംഗങ്ങള്‍ക്കുമാണിന്നു പാര്‍ലമെന്റ് സാക്ഷ്യം വഹിച്ചത്. ബില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്കു വിടുമെന്നും അവിടെ വച്ചു കൂടുതല്‍ ചര്‍ച്ചയാകാമെന്നും അമിത്ഷാ ബില്‍ അവതരിപ്പിക്കവെ അറിയിച്ചു.
ഈ ബില്ല് ഭരണഘടനയ്ക്കു വിരുദ്ധവു അടിസ്ഥാന തത്വങ്ങള്‍ക്കു നിരക്കാത്തതുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്കു വിടുന്നതിനാല്‍ സഭയില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
നാളെ നിങ്ങള്‍ക്ക് ഏതു മുഖ്യമന്ത്രിക്കെതിരേയും എന്തു തരത്തിലുള്ള കേസും ചുമത്താന്‍ സാധിക്കും. ശിക്ഷിക്കാതെയും കോടതിയുടെ ഇടപെടല്‍ കൂടാതെയും മുപ്പതു ദിവസത്തേക്ക് തടവില്‍ പാര്‍പ്പിക്കുകയും ചെയ്യാം. അങ്ങനെ അദ്ദേഹത്തെ മുഖ്യമന്ത്രിയെ പോലും സ്ഥാനത്തു നിന്നു പുറത്താക്കാന്‍ സാധിക്കും. ഇത് ജനാധിപത്യ വിരുദ്ധമാണ്. വളരെ നിര്‍ഭാഗ്യകരമായ തീരുമാനമാണ് ഭരണപക്ഷത്തുനിന്നുണ്ടായിരിക്കുന്നത്. പ്രിയങ്ക ആക്ഷേപിച്ചു.
അതേ സമയം ബില്ലില്‍ താന്‍ തെറ്റൊന്നും കാണുന്നില്ലെന്ന നിലപാടാണ് സഭയ്ക്കു പുറത്ത് ശശി തരൂര്‍ എംപി സ്വീകരിച്ചത്. ബില്ലിന്‍മേല്‍ സഭയില്‍ ചര്‍ച്ച നടക്കട്ടെയെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു തരൂര്‍. മുപ്പതു ദിവസം ജയിലില്‍ കിടന്നാല്‍ ഒരാള്‍ക്ക് എങ്ങനെയാണ് മന്ത്രിയായി ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ ആ സമയത്തു സാധിക്കുക. ഇതു സാമാന്യബുദ്ധിയുടെ മാത്രം കാര്യമാണെന്ന് തരൂര്‍ നിലപാട് വ്യക്തമാക്കി.
രാജ്യത്തെ പോലീസ് രാഷ്ട്രമാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഓള്‍ ഇന്ത്യ മുസ്ലിം ഇത്തിഹാദെ മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ധീന്‍ ഒവൈസി വ്യക്തമാക്കി. പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഏതു പോലീസിനാണ് സാധിക്കുക. ആരെയും അനാവശ്യമായി കേസില്‍ കുടുക്കാന്‍ ഭരണപക്ഷത്തിനു സാധിക്കും. ഇത് ഭരണഘടനാ വിരുദ്ധമാണ്. അദ്ദേഹം ആരോപിച്ചു.