പോലീസിന് അഴിഞ്ഞാട്ടം, പരാതികളുടെ കുത്തൊഴുക്ക്, ഒന്നും അറിയാതൊരു കമ്മീഷനും

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങളുടെ വാര്‍ത്തകള്‍ മലവെള്ളപ്പാച്ചില്‍ പോലെ വരുമ്പോഴും അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുന്നത് ഇക്കാര്യത്തില്‍ ഏറ്റവും ഉത്തരവാദിത്വമുള്ള സംസ്ഥാന പോലീസ് കംപ്ലയിന്റ് അതോറിറ്റി. ഓരോ കസ്റ്റഡി മര്‍ദനത്തിന്റെയും ഇരകള്‍ സമയാസമയങ്ങളില്‍ അതോറിറ്റിക്കു മുന്നില്‍ പരാതികളുമായി എത്തിയിട്ടുള്ളതാണെങ്കിലും ഒന്നില്‍ പോലും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ അതോറിറ്റിക്കു സാധിച്ചിട്ടില്ല. ഇതിനു പിന്നില്‍ രണ്ടു കാരണങ്ങളാണുള്ളതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒന്നാമത്തേത് രാഷ്ട്രീയ സമ്മര്‍ദങ്ങളാണ്. ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതു മുതല്‍ പോലീസിനെതിരെ ചെറുവിരല്‍ പോലും അനക്കുന്നില്ലെന്നിരിക്കെ രാഷ്ട്രീയ നിയമനമായ കമ്മീഷന്‍ മാത്രമായി എന്തിനു പുലിവാല്‍ പിടിക്കണമെന്ന തോന്നല്‍ ഒരു വശത്ത്. രണ്ടാമത്തെ കാര്യം കമ്മീഷന്‍ അധ്യക്ഷനു സര്‍ക്കാര്‍ തന്നെ മറ്റ് ഉത്തരവാദിത്വങ്ങള്‍ ഏല്‍പിച്ചു കൊടുത്തിരിക്കുന്നതും.
സംസ്ഥാന പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ അധ്യക്ഷന്‍ റിട്ട. ജസ്റ്റിസ് മോഹനന്‍ തന്നെയാണ് വ്യത്യസ്ത സ്വഭാവത്തിലുള്ള രണ്ടു കമ്മീഷനുകളുടെ കൂടി അധ്യക്ഷന്‍. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ 2020 ല്‍ അന്വേഷണം നടത്തിയ കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണം നടത്തുന്ന കമ്മീഷന്റെയും താനൂരില്‍ ബോട്ടപകടമുണ്ടായ സാഹചര്യത്തില്‍ രൂപീകരിച്ച അന്വേഷണ കമ്മീഷന്റെയും അധ്യക്ഷ സ്ഥാനം ജസ്റ്റിസ് മോഹനനു തന്നെയാണ്. ഇവ രണ്ടും ഫലത്തില്‍ നിര്‍ജീവമായ അവസ്ഥയിലാണെങ്കിലും പ്രവര്‍ത്തനത്തിനായി രൂപീകരിച്ച ഓഫീസും സ്റ്റാഫും മുറപോലെ പ്രവര്‍ത്തിക്കുന്നുവെന്നാണ് വയ്പ്. ഈയിനത്തില്‍ ഓരോ മാസവും ലക്ഷങ്ങളാണ് സംസ്ഥാ ഖജനാവില്‍ നിന്നു ചെലവാകുന്നതും. ഓരോ ആറു മാസം കൂടുമ്പോഴും കമ്മീഷന്റെ കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കുന്നതു മാത്രം തുടരുന്നു.
പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ കാര്യമെടുത്താല്‍ ജസ്റ്റിസ് മോഹനന് വ്യക്തിപരമായി പോലും ഒന്നിലും താല്‍പര്യമില്ലെന്നാണ് പറയുന്നത്. ആകെ പ്രതികരിച്ചത് സംസ്ഥാനത്ത് പോലീസിനെതിരായ പരാതികള്‍ കുറയുന്നു എന്നു മാത്രമാണ്. അതിന്റെ കോമഡി ട്രോളുകള്‍ക്കു വിഷയമാകുന്നതും കമ്മീഷന്‍ ഗൗനിക്കുന്നതേയില്ല. കമ്മീഷന്റെ അധികാരവും തുലോം പരിമിതമാണെന്നതു മറ്റൊരു കാര്യം. ആകെക്കൂടി അധികാരമുള്ളത് ഗവണ്‍മെന്റിലേക്ക് നടപടിക്കായി ശുപാര്‍ശ ചെയ്യാന്‍ മാത്രം. എത്ര ശുപാര്‍ശകളില്‍ ഇതുവരെ നടപടിയെടുത്തു എന്ന കാര്യത്തില്‍ പോലും കൃത്യമായ കണക്കുകളില്ല.