ബംഗളൂരു: അമേരിക്കയിലെ സായിപ്പിന് ഇത് വെറും പൂപ്പ് ത്രോയിങ് പരിപാടിയായിരിക്കും. എന്നാല്‍ കര്‍ണാടകത്തിലെ സാധാരണ ജനങ്ങള്‍ക്ക് ചാണകം അന്യോന്യം എറിയുന്ന ഗോരെഹബ്ബ ഉത്സവമാണ്. ദീപാവലിക്കു ശേഷം ഒരു വര്‍ഷത്തെ ദോഷങ്ങള്‍ എല്ലാം അകറ്റുന്നതിന് ജനങ്ങള്‍ അന്യോന്യം ചാണകം പച്ചയായി വാരിയെറിയുന്ന ഉത്സവം. ചാണകത്തില്‍ നിന്നു ജനിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന ഗ്രാമദൈവമായ ബീരേശ്വര സ്വാമിയുടെ അനുഗ്രഹത്തിനായി ജനങ്ങള്‍ ചെയ്യുന്നൊരു അനുഷ്ഠാനമാണ് ചാണകമേറ്. ഇതില്‍ ദേഹം മുഴുവന്‍ മറയുന്ന മഴക്കോട്ടും വലിയ കണ്ണടയും ധരിച്ച് പങ്കെടുക്കുകയും അതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്ത ടൈലര്‍ ഒലിവേര ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ എയറിലായിരിക്കുകയാണ്. ഉത്സവത്തിന്റെ ഒരു മിനിറ്റ് നീളുന്ന വീഡിയോ എക്‌സില്‍ പങ്കുവച്ചിട്ട് അധിക്ഷേപകരമായ രീതിയില്‍ അതിനെക്കുറിച്ച് എഴുതിയതിനാണ് ടൈലര്‍ എയറില്‍ നിന്നിറങ്ങാനാവാതെ കഴിയുന്നത്.
വലിയ വിശ്വാസത്തിലാണ് ആളുകള്‍ കര്‍ണാടകയിലെ ഗ്രാമങ്ങളില്‍ ഈ അനുഷ്ഠാനത്തില്‍ പങ്കെടുക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമാണിത്. ടൈലര്‍ ഒലിവേരയ്‌ക്കെതിരേ നിരവധിയാള്‍ക്കാരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തുന്നത്. ഇതില്‍ പങ്കെടുക്കാന്‍ ആരും നിര്‍ബന്ധിച്ചില്ലല്ലോയെന്നു ചിലര്‍ ചോദിക്കുമ്പോള്‍ കൂടുതല്‍ പേരും ഇതിലെ വംശീയ വെറിയുടെ അടിയൊഴുക്കുകളാണ് എടുത്ത് അലക്കുന്നത്.രണ്ടു വീഡിയോകളാണ് ഒലിവേര എക്‌സില്‍ പങ്കുവച്ചിരിക്കുന്നത്. എന്തായാലും ഇതിന് അമ്പതു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് കിട്ടിയിരിക്കുന്നത്. അതില്‍ ചെറിയൊരു പങ്ക് മാത്രമാണ് ഇന്ത്യക്കാര്‍. ബാക്കിയെല്ലാം വിദേശികള്‍ തന്നെ.

