ലിസ കുക്കിനെ പുറത്താക്കാനുള്ള നീക്കം തടഞ്ഞ് കോടതി, ട്രംപിന് തിരിച്ചടി

വാഷിങ്ങ്ടന്‍: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ ഗവേണിങ്ങ് ബോര്‍ഡില്‍നിന്ന് ലിസ കുക്കിനെ നീക്കംചെയ്തുകൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് അമേരിക്കന്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. അടുത്ത ജനുവരിയില്‍ അപ്പീല്‍ വീണ്ടും പരിഗണിക്കുന്നതു വരെയാണ് സ്റ്റേ നിലവിലുണ്ടാകുക. ട്രംപിന് കനത്ത പ്രഹരമായി മാറുന്ന ഈ നടപടിയോടെ 2026 ജനുവരി വരെ ലിസ കുക്ക് ഫെഡറല്‍ റിസര്‍വിന്റെ ഗവര്‍ണര്‍ ബോര്‍ഡില്‍ തുടരുകതന്നെ ചെയ്യും.
ഫെഡറല്‍ റിസര്‍വിന്റെ ചരിത്രത്തിലാദ്യമായി ഗവേണിങ്ങ് ബോര്‍ഡിലംഗമാകുന്ന കറുത്തവര്‍ഗ്ഗക്കാരിയായ വനിതയാണ് ലിസ കുക്ക്. ഇവരെ ട്രംപ് ബാങ്ക് മോര്‍ട്ട്‌ഗേജില്‍ കൃത്രിമം വരുത്തിയെന്നാരോപിച്ചാണ് പുറത്താക്കാന്‍ തുനിഞ്ഞത്. ലിസ ഇതിനെതിരേ കോടതിയെ സമീപിച്ചിരുന്നു. ഒരു സ്വതന്ത്ര ഫെഡറല്‍ ഏജന്‍സിയുടെ തലപ്പത്തിരിക്കുന്നയാളെ പിരിച്ചുവിടുന്നത് അധികാരദുര്‍വിനിയോഗമാണെന്ന വാദത്തിലായിരുന്നു ലിസ നിയമനടപടിക്കൊരുങ്ങിയത്. തക്കതായ കാരണമുണ്ടെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റിന് ഫെഡറല്‍ റിസര്‍വ് ഗവേണിങ്ങ് ബോര്‍ഡംഗങ്ങളെ പിരിച്ചുവിടാന്‍ അധികാരമുണ്ടെങ്കിലും ഫെഡറല്‍ റിസര്‍വിന്റെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് പ്രസിഡന്റ് ഈ അധികാരം ഉപയോഗിക്കുന്നത്.
ഒടുവില്‍ തങ്ങള്‍ വിജയിക്കുകതന്നെ ചെയ്യുമെന്നാണ് പ്രത്യാശിക്കുന്നതെന്നായിരുന്നു സുപ്രീംകോടതി വിധിയേപ്പറ്റി വൈറ്റ്ഹൗസ് ഒരു വക്താവ് പ്രതികരിച്ചത്.