ബെര്‍ലിന്‍: യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാത്ത റഷ്യയ്‌ക്കെതിരേ അമേരിക്ക പ്രഖ്യാപിച്ച ഉപരോധം ഫലത്തില്‍ വിനയായിരിക്കുന്നത് ജര്‍മനിക്കാണ്. റഷ്യയില്‍ നിന്ന് ഏറ്റവുമധികം എണ്ണ കയറ്റുമതി ചെയ്യുന്ന റോസ്‌നെഫ്റ്റ് ലൂകോയില്‍ എന്നീ കമ്പനികളാണ് അമേരിക്കയുടെ കണ്ണിലെ കരട്. ഇവയ്‌ക്കെതിരെയാണ് ട്രംപിന്റെ ഉപരോധം ശരിക്കും ഏല്‍ക്കാന്‍ പോകുന്നത്.
ജര്‍മനിയില്‍ ഏറ്റവുമധികം എണ്ണ സംസ്‌കരിക്കുന്നത് റോസ്‌നെഫ്റ്റിന്റെ അനുബന്ധ കമ്പനിയായ പിസികെ റിഫൈനറിയാണ്. റോസ്‌നെഫ്റ്റിന്റെ എണ്ണ വന്നില്ലെങ്കില്‍ പിസികെ പൂട്ടേണ്ടി വരും. റോസ്‌നെഫ്റ്റിന്റെ എണ്ണ കൊണ്ടുവന്നാല്‍ ട്രംപിന്റെ ക്രോധത്തിന് ഇരയായി മാറും. ഈ പ്രതിസന്ധിയാണിപ്പോള്‍ ജര്‍മനി നേരിടേണ്ടി വരുന്നത്. അതിനാല്‍ ഉപരോധത്തില്‍ നിന്ന് ഇളവു തരണമെന്ന് ട്രംപിനോട് അപേക്ഷിച്ചിരിക്കുകയാണ് ജര്‍മനി. എന്നാല്‍ അതിനു സാധ്യത തീരെയില്ല. ജര്‍മനിയില്‍ 12 ദശലക്ഷം ടണ്‍ ക്രൂഡോയിലാണ് റോസ്‌നെഫ്റ്റ് സംസ്‌കരിക്കുന്നത്. ജര്‍മനിയിലെ മൊത്തം എണ്ണ സംസ്‌കരണത്തില്‍ 12 ശതമാനമാണിത്. നാലായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൈപ്പിലൂടെയാണ് പിസികെയുടെ ക്രൂഡോയില്‍ ജര്‍മനിയിലെത്തുന്നത്.
നിലവില്‍ ആഭ്യന്തര വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഉപരോധം കൂടി വന്നാല്‍ ജര്‍മനി വല്ലാതെ വിയര്‍ക്കേണ്ടി വരുമെന്നുറപ്പ്. ചെറിയ തുകയ്ക്ക് റഷ്യന്‍ എണ്ണ കിട്ടുമെന്നായതോടെ മുന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ നിരവധി ആണവോര്‍ജ പ്ലാന്റുകള്‍ പൂട്ടിയിരുന്നു. ഇതും ജര്‍മനിക്ക് തിരിച്ചടിയാകുകയാണ്. റോസ്‌നെഫ്റ്റിന് ജര്‍മനിയില്‍ മൂന്നു റിഫൈനറികളുണ്ടെങ്കിലും റഷ്യന്‍ മാതൃ കമ്പനിയുമായി ബന്ധമൊന്നുമില്ലെന്നാണ് ചാന്‍സലറായ ഫ്രീഡ്‌റിഷ് മെര്‍സിന്റെ വാദം. എന്നാല്‍ അമേരിക്കയുടെ മുന്നില്‍ ഇത് എത്രമാത്രം വിലപ്പോകുമെന്നു കണ്ടു തന്നെയറിയണം.

