വരാത്ത തിരഞ്ഞെടുപ്പില്‍ ഇല്ലാത്ത ടിക്കറ്റില്‍ മത്സരം തുടങ്ങിയ വിഷവാണി

വാഷിംഗ്ടണ്‍: തീവ്ര മുസ്ലിം വിരുദ്ധതയിലും വിദ്വേഷ പ്രസംഗത്തിലും ഇന്ത്യയിലെ ചില സംഘപരിവാര്‍ നേതാക്കന്‍മാര്‍ക്കു വേണമെങ്കില്‍ അമേരിക്കയിലെ വാലന്റിന ഗോമസിനോടു മത്സരിക്കാം. ഇന്ത്യയില്‍ സംഘപരിവാര്‍ തീവ്രവാദികള്‍ ചെയ്യുന്നതിനെക്കാള്‍ ഒമ്പതു പടി കൂടി കടന്ന് ഖുറാന്‍ കത്തിക്കുക വരെയാണിവര്‍ ചെയ്തിരിക്കുന്നത്. അടുത്ത വര്‍ഷം അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് ടെക്‌സസിലെ മുപ്പത്തൊന്നാം മണ്ഡലത്തില്‍ നിന്നു മത്സരിക്കാന്‍ തയാറെടുക്കുന്ന സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാണിവര്‍. കടുത്ത ട്രംപ് ഭക്തി, അത്ര തന്നെ കടുത്ത ട്രാന്‍ജന്‍ഡര്‍, കുടിയേറ്റ വിരുദ്ധത, മുസ്ലിം വിരോധം എന്നിവയൊക്കെയാണിവരുടെ മുഖമുദ്ര.
കഴിഞ്ഞ വര്‍ഷം ഇവര്‍ വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടത് കുടിയേറ്റവിരുദ്ധതയുമായാണ്. ഒരു കസേരയില്‍ കെട്ടിയിട്ട നിലയിലുള്ള ആള്‍രൂപത്തിന്റെ തലയില്‍ ഒരു കറുത്ത ബാഗ് വച്ചുകൊടുത്ത് അതിലേക്ക് നിറയൊഴിക്കുന്ന വീഡിയോ ആണിവരെ ശ്രദ്ധിക്കപ്പെടുന്ന അവസ്ഥയിലെത്തിച്ചത്. കുടിയേറ്റക്കാരുടെ പ്രതീകമായിരുന്നത്രേ ആ ആള്‍രൂപം. ഇക്കൊല്ലമാണെങ്കില്‍ ഖുറാന്‍ കത്തിക്കുകയും മുസ്ലിങ്ങള്‍ക്കു നേരേ വിഷം ചീറ്റുകയും ചെയ്തുകൊണ്ടിരിക്കുന്നു. അമേരിക്കയിലെ മുസ്ലിങ്ങളെല്ലാം ലോകത്തിലെ 57 മുസ്ലിം രാജ്യങ്ങളില്‍ എവിടേക്കെങ്കിലും പൊയ്‌ക്കൊള്ളണം എന്നാണീ ഇരുപത്താറുകാരിയുടെ കല്‍പന. വായ് തുറക്കുന്നതു തന്നെ കുടിയേറ്റക്കാര്‍ക്കും മുസ്ലിങ്ങള്‍ക്കും എല്‍ജിടിബിക്യുവിനും കറുത്ത വര്‍ഗക്കാര്‍ക്കുമെതിരേ ആക്ഷേപം ചൊരിയുന്നതിനും ട്രംപിനെയും മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ പരിപാടിയെ സ്തുതിക്കുന്നതിനും മാത്രമാണ്.
കുപ്രസിദ്ധിയാണ് നേടുന്നതെങ്കിലും അതിന്റെ ബലത്തില്‍ തിരഞ്ഞെടുപ്പ് ജയിക്കാമെന്നാണ് ഇവരുടെ പ്ലാന്‍. എന്നാല്‍ ഈ പ്ലാന്‍ കാര്യമായി ഏല്‍ക്കുന്നില്ലെന്നതിന്റെ തെളിവാണ് ഇവര്‍ മത്സരിച്ച ഏക തിരഞ്ഞെടുപ്പ്. മിസൗറി സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന സ്ഥാനത്തേക്ക് കഴിഞ്ഞ വര്‍ഷം മത്സരിച്ചാണ് ഇവരുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. എന്നാല്‍ ആ തിരഞ്ഞെടുപ്പില്‍ വിഷം ചീറ്റിച്ച് ആത്മരതിയടഞ്ഞതല്ലാതെ കാര്യമായ മെച്ചമൊന്നും ഉണ്ടാക്കാനായില്ല. വോട്ട് എണ്ണിയപ്പോള്‍ ഏഴാം സ്ഥാനത്താണ് വന്നത്. ഇക്കുറിയാണെങ്കില്‍ അമേരിക്കന്‍ കോണ്‍ഗ്രസിലേക്കുള്ള തിരഞ്ഞടുപ്പില്‍ ഇവരെ സ്ഥാനാര്‍ഥിയാക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുപോലുമില്ലെന്നിരിക്കെയാണ് ഇവര്‍ ഇപ്പോഴേ കളത്തിലിറങ്ങി ആടിത്തിമിര്‍ക്കുന്നത്. അതിലേറെ രസകരമായ കാര്യം കുടിയേറ്റക്കാര്‍ക്കെതിരേ പുലഭ്യം പറയുന്ന വാലന്റിനയും ഒരു കുടിയേറ്റക്കാരി തന്നെയാണ് എന്നതാണ്. കൊളംബിയയില്‍ 199ല്‍ ആണ് ഇവര്‍ ജനിക്കുന്നത്. പത്താമത്തെ വയസിലാണ് മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്കു കുടിയേറുന്നത്.