അമേരിക്കനാകാന്‍ ഇനി കേസില്ലാത്ത ജീവിതം മാത്രം പോരാ, പുതിയ ചട്ടങ്ങളായി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പൗരത്വം നേടുന്നതിന് പുതുക്കിയ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ഓഗസ്റ്റ് 15ന് യുഎസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ് സിഐഎസ്) ഉത്തരവ് പുറത്തിറക്കി. മുന്‍കാലങ്ങളില്‍ ബാധകമായിരുന്ന ഘടകങ്ങളില്‍ നിന്ന് ഇതിനുള്ള വ്യത്യാസം നല്ല ധാര്‍മിക പെരുമാറ്റം (Good Moral Conduct-GMC) സംബന്ധിച്ച നിര്‍വചനമാണ്. നേരത്തെ കുറേ നെഗറ്റിവ് കാര്യങ്ങള്‍ ഇല്ലായെങ്കില്‍ പൗരത്വ അപേക്ഷ കടന്നു കൂടുമായിരുന്നെങ്കില്‍ ഇനി അതില്‍ മാറ്റം വരും. പോസിറ്റീവ് കാര്യങ്ങളില്‍ കൂടി ഇതു ശ്രദ്ധയൂന്നുന്നു എന്നതാണ് പ്രധാന വ്യത്യാസം. അതായത് പൗരത്വം കിട്ടണമെങ്കില്‍ സാമൂഹ്യമായ നിരവധി ഘടകങ്ങളില്‍ ആ വ്യക്തി മുന്‍പന്തിയിലായിരിക്കണമെന്നര്‍ഥം. സാധാരണയായി അപേക്ഷിക്കുന്നതിനു തൊട്ടുമുമ്പുള്ള അഞ്ചവര്‍ഷത്തെ നല്ല പെരുമാറ്റമായിരുന്നു കണക്കിലെടുത്തിരുന്നതെങ്കില്‍ ഇനി മുതല്‍ അതിനു മുമ്പുള്ള കാര്യങ്ങളിലേക്കും അന്വേഷണമെത്താം. ചുരുക്കത്തില്‍ ഒരാളെ അയോഗ്യനാക്കാന്‍ തക്ക കുറ്റകൃത്യങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്നതിനപ്പുറം അയാളുടെ മൊത്തം ഇടപാടുകളിലൂടെ അമേരിക്കന്‍ സമൂഹത്തിനു ഗുണകരമായ സംഭാവനകള്‍ തരാന്‍ ആ വ്യക്തി യോഗ്യനാണോ എന്നതായിരിക്കും തീരുമാനിക്കപ്പെടുക. ഇതില്‍ പ്രധാനമായും പരിഗണിക്കപ്പെടുന്ന കാര്യങ്ങള്‍ ഇവയായിരിക്കും.
-സാമൂഹ്യ പ്രവര്‍ത്തനം. സ്വന്തം കാര്യം നോക്കുന്നതിനപ്പുറം സമൂഹത്തിനു പൊതുവായി നല്‍കുന്ന സംഭാവനകള്‍.
-വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍
-കുടുംബത്തോടുള്ള ഉത്തരവാദിത്വവും പരിഗണനയും
-നിയമവിധേയമായ ജോലികളില്‍ സ്ഥിരതയോടെ നിലനില്‍ക്കുന്നത്
-തൊഴില്‍ മേഖലയില്‍ കൈവരിച്ചിരിക്കുന്ന നേട്ടങ്ങള്‍
-കൃത്യമായി നികുതി കൊടുക്കുന്നതിലെ ഉത്തരവാദിത്വം
-അമേരിക്കയിലെ നിയമവിധേയമായ ജീവിതകാലം