വീസയില്‍ തീര്‍ത്ത കുരുക്ക്, ട്രംപിന്റെ അടുത്ത ഉന്നം അധ്യാപകരും ഗവേഷകരുമോ

വാഷിങ്ടന്‍: ഇന്ത്യയിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന ടെക്കികള്‍ക്കു അമേരിക്കയിലേക്കുള്ള വഴി തടയുന്ന വീസ നിരക്ക് വര്‍ധന അടുത്തതായി അധ്യാപകര്‍ക്കും അക്കാദമി രംഗത്തുള്ളവര്‍ക്കും നേരെ പ്രയോഗിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായി സൂചന. വിദേശത്തു നിന്നെത്തുന്ന കോളജ്, യൂണിവേഴ്‌സിറ്റി അധ്യാപകരുടെയും ഗവേഷകരുടെയും എണ്ണം കുറയ്ക്കുന്നതിനുള്ള പദ്ധതി അണിയറയിലൊരുങ്ങുകയാണെന്നു വേണം കരുതാന്‍. എച്ച്1ബി വീസ പരിധിയില്‍ കോളജുകള്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പണ്ടു മുതലേ നല്‍കി വരുന്ന ഇളവ് എടുത്തു കളയാനാണ് നീക്കം. ഈ ലക്ഷ്യത്തോടെ അര്‍കന്‍സാസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്ററും ട്രംപിന്റെ അടുപ്പക്കാരനുമായ ടോം കോട്ടണ്‍ വീസ ക്യാപ്പ് എന്‍ഫോഴ്‌സ്‌മെന്റ് അവതരിപ്പിച്ചിരിക്കുകയാണിപ്പോള്‍. അമേരിക്കന്‍ വിരുദ്ധരായ വിദേശ അധ്യാപകര്‍ക്ക് രാജ്യത്ത് പ്രത്യേക പരിഗണന നല്‍കേണ്ടതില്ലെന്നും കോളജ് പ്രഫസര്‍മാര്‍ ദുരുപയോഗം ചെയ്യുന്ന പഴുതുകള്‍ ഈ ബില്ലിലൂടെ അടയ്ക്കുമെന്നും അദ്ദേഹം പറയുന്നു. ഐടി കമ്പനികള്‍ക്ക് എച്ച്1ബി വീസ അനുവദിക്കുന്നതിന് 65000 എന്ന പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അക്കാദമി രംഗത്ത് ഇതിനും നിലവില്‍ ഇളവുകളുള്ളതാണ്. എത്ര വീസ വേണമെങ്കിലും അനുവദിക്കാന്‍ നിലവില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കു സാധിക്കും. അതുപോലെ വര്‍ഷത്തില്‍ ഏതു സമയത്തും അപേക്ഷിക്കുകയും ചെയ്യാം. അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ വാര്‍ഷിക ഫീസ് പൂര്‍ണമായും ഇളവു ചെയ്തായിരിക്കും വീസ അനുവദിക്കുന്നത്. ഇത്തരം അനുകൂല സാഹചര്യങ്ങളെല്ലാം അവസാനിപ്പിക്കുകയാണ് ഈ ബില്ലിന്റെ ഉദ്ദേശ്യം.