വാഷിങ്ടന്‍: അമേരിക്കന്‍ സ്വപ്‌നം നിറം മങ്ങുന്നുവെന്ന ധാരണ ബലപ്പെടുത്തുന്ന കണക്കുകളാണ് പുറത്തു വരുന്നത്. മിക്ക അമേരിക്കന്‍ കമ്പനികളും പുതിയ നിയമനങ്ങള്‍ തീരെ കുറച്ചിരിക്കുകയോ നിര്‍ത്തലാക്കുകയോ ആണിപ്പോള്‍. ഒക്ടോബര്‍ ഒരു മാസം മാത്രം ഒന്നരലക്ഷത്തിലധികം ആള്‍ക്കാരെയാണ് എല്ലാ കമ്പനികളും ചേര്‍ന്ന് പിരിച്ചുവിട്ടിരിക്കുന്നത്. ഇതിനു മുമ്പ് ഇതേ തോതില്‍ ജീവനക്കാരെ പിരിച്ചുവിട്ടത് 2003ലായിരുന്നു. തൊഴില്‍ മേഖലയിലെ കണക്കുകള്‍ സൂക്ഷിക്കുന്ന ചലഞ്ചര്‍ േ്രഗ ആന്‍ഡ് ക്രിസ്മസ് എന്ന കമ്പനിയുടെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഇതുവരെ പിരിച്ചുവിട്ടിരിക്കുന്നത് പതിനൊന്നു ലക്ഷത്തിലധികം ജീവനക്കാരെയാണ്. എന്നാല്‍ നിയമനങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 35 ശതമാനം കുറവാണ് നടന്നിരിക്കുന്നത്.
കമ്പനികള്‍ ലാഭക്ഷമത കൂട്ടാനുള്ള പിരിച്ചുവിടലുകളാണ് ഇപ്പോള്‍ കൂടുതലായി നടത്തിക്കൊണ്ടിരിക്കുന്നതെന്നു പറയുന്നു, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരുന്നതു മൂലമുള്ള പിരിച്ചുവിടലുകളും ആരംഭിച്ചു കഴിഞ്ഞു. അതിന്റെ മൂര്‍ധന്യത്തിലെത്തുമ്പോള്‍ ചിത്രം വീണ്ടും നിറം മങ്ങിയതായിരിക്കുമെന്ന ഭീതി വളരുകയുമാണ്. ഈ വര്‍ഷം ഇതുവരെ പ്രമുഖ കമ്പനികള്‍ പിരിച്ചുവിട്ട ജീവനക്കാരുടെ കണക്കുകളിങ്ങനെ.
യുണൈറ്റഡ് പാഴ്‌സല്‍ സര്‍വീസ്-48000, ആമസോണ്‍-30000, ഇന്റല്‍-24000, നെസ്ലേ-16000, ആക്‌സെഞ്ച്വര്‍-11000, ഫോര്‍ഡ് മോട്ടോഴ്‌സ്-11000, നോവോ നോര്‍ഡിസ്‌ക്-9000. പ്രമുഖ കമ്പനികളുടെ മാത്രം കണക്കാണിതെങ്കില്‍ വലുപ്പത്തില്‍ ചെറുതെങ്കിലും മികച്ച ശമ്പളം ഓഫര്‍ ചെയ്യുന്ന മറ്റു കമ്പനികളും നിരവധിയാണ്. ഇവരൊക്കെയും പുതിയതായി നിയമിക്കുന്നതിനെക്കാള്‍ വളരെ കൂടുതല്‍ ജീവനക്കാരെയാണ് പിരിച്ചു വിട്ടുകൊണ്ടിരിക്കുന്നത്. ഇവരില്‍ പലര്‍ക്കും ഇന്ത്യയിലും ഓഫീസുകളും പ്ലാന്റുകളുമുള്ളതാണ്. ഇവിടേക്കും പിരിച്ചുവിടല്‍ ഒരു പക്ഷേ, എത്തിയേക്കാം.

