വാഷിങ്ടന്‍: ഏഴു വര്‍ഷത്തിനിടെ ആദ്യമായി അമേരിക്ക ഷട്ട്ഡൗണിലേക്ക് കടന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക അനുവദിക്കുന്നതില്‍ സെനറ്റ് പരാജയപ്പെട്ടതോടെയാണ് സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം നിലച്ചത്. ഡെമോക്രാറ്റുകളുടെയും റിപ്പബ്ലിക്കന്‍മാരുടെയും പിന്തുണ ഒരുപോലെ ആവശ്യമായ ധനവിനിയോഗ ബില്‍ 45ന് എതിരേ 55 വോട്ടിന് ചൊവ്വാഴ്ച പരാജയപ്പെട്ടിരുന്നു. അതോടെ അമേരിക്കന്‍ സമയം ബുധനാഴ്ച അര്‍ധരാത്രി പിന്നിട്ടതോടെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കു പൂട്ടുവീണു. 1981 നു ശേഷമുള്ള പതിനഞ്ചാമത്തെ ഷട്ട്ഡൗണാണിത്. ഏഴു വര്‍ഷത്തിനിടെ ആദ്യമായുള്ളതും. ഇതോടെ ഗവണ്‍മെന്റ് ഇടപെടല്‍ ആവശ്യമുള്ള നിരവധി മേഖലകള്‍ സ്തംഭിക്കും. വിമാനസര്‍വീസുകള്‍ പോലും തടസപ്പെടാനിടയുണ്ട്. കോടതികളുടെ പ്രവര്‍ത്തനവും സ്തംഭിക്കുമോയെന്നു വരുംദിവസങ്ങളിലേ അറിയാന്‍ സാധിക്കൂ. വിദ്യാഭ്യാസ വകുപ്പ് ഏറക്കുറേ പൂര്‍ണമായി അടച്ചിട്ടിരിക്കുന്ന അവസ്ഥയിലാണ്. നിത്യച്ചെലവിനു പോലും പണമില്ലാതായിരിക്കുന്ന അവസ്ഥയില്‍ പല വകുപ്പുകളും ജീവനക്കാരെ ഒന്നടങ്കം പിരിച്ചുവിടാനുള്ള തയാറെടുപ്പിലാണെന്നറിയുന്നു.
അതേസമയം കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ട്രംപ് ആലോചിക്കുന്നതായും വാര്‍ത്തകള്‍ വരുന്നുണ്ട്. ഇക്കൊല്ലം ഇതുവരെ ഒന്നരലക്ഷം പേരെയാണ് പിരിച്ചുവിട്ടത്. ചൊവ്വാഴ്ച ഒരു ദിവസം തന്നെ ഒരു ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. ഇനിയും അഞ്ചുലക്ഷം ജീവനക്കാര്‍ വരെ പിരിച്ചുവിടലിനുള്ള ട്രംപിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഉണ്ടത്രേ.
അമേരിക്കയിലെ രീതി വച്ച് സര്‍ക്കാര്‍ ചെലവുകള്‍ക്ക് ആവശ്യമായ ബില്ലുകള്‍ പാസാക്കുന്നതില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പരാജയപ്പെടുമ്പോഴാണ് സര്‍ക്കാര്‍ ഷട്ടഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പണം ചെലവഴിക്കുന്നതിനുള്ള അവകാശം നഷ്ടമാകും. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളതെല്ലാം സേവനം അവസാനിപ്പിക്കും. മറ്റൊരു കരാര്‍ ഉണ്ടാക്കുന്നതു വരെ ജോലിയിലുള്ളവര്‍ക്ക് ശമ്പളം പോലും ലഭിക്കുകയുമില്ല. ഓരോ ഷട്ടഡൗണും കഴിയുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച പിന്നോട്ടടിക്കുന്നതിനാല്‍ എന്തു വില കൊടുത്തും ഒഴിവാക്കാനാണ് പൊതുവേ ശ്രമം ഉണ്ടാകുന്നത്. എന്നാല്‍ ഇക്കുറി വരുന്നതു വരട്ടെ എന്ന നിലപാടാണ് പ്രസിഡന്റും സ്വീകരിച്ചതെന്നു പറയുന്നു.
താഴുവീണ് അമേരിക്ക, ഓഫീസുകള്‍ അടച്ചുപൂട്ടി, ജീവനക്കാര്‍ വീട്ടിലിരിക്കും

