തിരുവനന്തപുരം: മയക്കുവെടി വച്ച് വനംവകുപ്പ് അധികൃതര്‍ പിടിച്ച് നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ സൂക്ഷിച്ചിരുന്ന പുലി ചത്തു. ആരോ വച്ച കെണിയില്‍ പുലി കുടുങ്ങിയിരുന്നതായി അധികൃതര്‍ സംശയിക്കുന്നു. തിരുവനന്തപുരത്തിന്റെ വനമേഖയായ അമ്പൂരിക്കടുത്ത് തൊടുമല കാരിക്കുഴിയിലാണ് പുലിയെ വനംവകുപ്പ് കണ്ടെത്തിയത്. ആ സമയം പുലി കെണിയിലായിരുന്നില്ല, എന്നാല്‍ അവശനിലയിലായിരുന്നു. കെണിയില്‍ കുടുങ്ങിയതിനാലെന്ന വിധത്തില്‍ മാരകമായ പരിക്കുകളോടെയായിരുന്നു പുലിയെ കണ്ടെത്തിയത്. കെണി വച്ചതിനു വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. ആരാണ് സംശയിക്കപ്പെടുന്ന കെണി വച്ചതെന്ന് അറിയാത്തതിനാല്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. കെണി വയ്ക്കാനുള്ള സാഹചര്യം ഉള്‍പ്പെടെ അന്വേഷണവിധേയമാക്കുന്നതായി നെയ്യാര്‍ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.
കാരിക്കുഴി കോഴിക്കണ്ടം മലയുടെ അടിവാരത്തില്‍ ടി ഷൈജു എന്ന കര്‍ഷകന്റെ പുരയിടത്തിലാണ് വെള്ളിയാഴ്ച രാവിലെ പുലിയെ കണ്ടെത്തിയത്. മൂന്നര വയസ് പ്രായമാണ് പുലിക്കെന്നു കണക്കാക്കുന്നു. കണ്ടെത്തുന്ന സമയം രണ്ടു വാരിയെല്ലുകള്‍ ഒടിഞ്ഞ നിലയിലും കമ്പി തറച്ചാലെന്നവിധത്തില്‍ ആന്തരികാവയവങ്ങള്‍ക്കു പരിക്കേറ്റ നിലയിലുമായിരുന്നു. അവയവങ്ങള്‍ രാസ പരിശോധനാ ലാബിലേക്ക് കൂടുതല്‍ അന്വേഷണത്തിനായി അയയ്ക്കും. ഇതിനു മുമ്പും ജില്ലയില്‍ പിടികൂടിയ വന്യമൃഗങ്ങള്‍ പലതും ചത്തിട്ടുണ്ട്.
മയക്കുവെടി വച്ചു പിടിച്ച പുലി ചത്തു, കേസെടുത്തു
