ന്യൂഡല്‍ഹി: ഇന്റര്‍നെറ്റിലെ ക്ലൗഡ് സേവനങ്ങളില്‍ മുന്‍പന്തിയിലുള്ള ആമസോണ്‍ വെബ് സര്‍വീസസ് ഇന്നതെ അപ്രതീക്ഷിതമായി പണിമുടക്കിയത് നിരവധി മുന്‍നിരസ്ഥാപനങ്ങളെയാണ് പ്രതിസന്ധിയിലാക്കിയത്. ഇപ്രകാരം വെബ് സേവനങ്ങളിലെ തടസങ്ങള്‍ കണ്ടെത്തി സമൂഹത്തെ അറിയിക്കുന്ന ഡൗണ്‍ ഡിറ്റക്ടറില്‍ ഇന്നലെ പരാതിയുമായെത്തിയവരുടെ ഒഴുക്കായിരുന്നു. ഇതോടെ തങ്ങള്‍ ചില സാങ്കേതിക തകരാറുകള്‍ നേരിടുകയാണൈന്ന് ആമസോണും അറിയിച്ചു.
ആമസോണിന്റെ സ്വന്തം സംരംഭങ്ങളായ ഓണ്‍ലൈന്‍ വിപണി മുതല്‍ പ്രൈം വീഡിയോയും അലക്‌സയും വരെയുള്ള സേവനങ്ങളും തടസപ്പെട്ടവയില്‍ ഉള്‍പ്പെടും. ആമസോണ്‍ വെബ് സര്‍വീസസിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന പ്രമുഖ പത്രങ്ങളും മക്‌ഡൊണാള്‍ഡ്‌സ്, ആപ്പിള്‍ ടിവി, പെര്‍പ്ലക്‌സിറ്റി തുടങ്ങി ആയിരക്കണക്കിന് കമ്പനികളാണ് ഏറെ വലഞ്ഞത്.
ലോകത്തിലെ ഇന്റര്‍നെറ്റ് വിതരണ ശൃംഘലയ്ക്ക് നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോമാണ് ആമസോണ്‍ വെബ് സര്‍വീസസ്. ചെറുതും വലുതുമായ നിരവധി വെബ്‌സൈറ്റുകള്‍, ആപ്ലിക്കേഷനുകള്‍,, വെര്‍ച്വല്‍ സെര്‍വറുകള്‍, സമൂഹ മാധ്യമങ്ങള്‍ എന്നിവയൊക്കെ ആമസോണ്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവയാണ്. അതിനാല്‍ ആമസോണില്‍ വരുന്ന ഏതു ചെറിയ തകരാര്‍ പോലും ഇവരെയെല്ലാം ബാധിക്കുകയും അവ ഉപയോഗിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയും ചെയ്യും.

