ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളില്‍ ഒന്നായ ആമസോണ്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങുന്നു. അഞ്ചു ലക്ഷം ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണില്‍ പദ്ധതി തയാറായിക്കൊണ്ടിരിക്കുന്നത്. ജീവനക്കാര്‍ക്ക് പകരം റോബോട്ടുകളെ ഉപയോഗിച്ച് പണിയെടുപ്പിക്കാനാണ് രാജ്യാന്തര കോര്‍പ്പറേഷനായ ആമസോണിന്റെ തീരുമാനം. അടുത്ത എട്ടുവര്‍ഷം കൊണ്ട് മാറ്റം പൂര്‍ണമാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. വെയര്‍ഹൗസുകളിലും മറ്റും കായിക പ്രധാനമായ ജോലികള്‍ ചെയ്യുന്നവരെയായിരിക്കും പ്രധാനമായും ഒഴിവാക്കുക.
നിലവില്‍ അമേരിക്കയില്‍ മാത്രം പന്ത്രണ്ടു ലക്ഷത്തോളം ജീവനക്കാരാണ് ആമസോണിനുള്ളത്. റോബോട്ടുകളെ ഉപയോഗിച്ചുള്ള യന്ത്രവല്‍ക്കരണമായ ഓട്ടോമേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ആവശ്യമായി വരുന്ന ഒന്നേമുക്കാല്‍ ലക്ഷത്തോളം നിയമനങ്ങള്‍ ഒഴിവാക്കാന്‍ കമ്പനിക്കു സാധിക്കും. ചെലവ് കുറയ്ക്കുന്നതിന്റെയും വെയര്‍ ഹൗസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായാണ് ഓട്ടോമേഷനുള്ള നീക്കം. ജീവനക്കാരുടെ എണ്ണം കുറച്ചാല്‍ എത്തിക്കുന്ന ഓരോ ഉല്‍പ്പന്നത്തിലും മുപ്പതു സെന്റ് വീതം ലാഭിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.
റോബോട്ടുകളെ ഉപയോഗിച്ച് ജോലി ചെയ്യിക്കുന്നതിന്റെ പരീക്ഷണം നിലവില്‍ ആരംഭിച്ചിട്ടുണ്ട്. ഉല്‍പ്പന്നങ്ങള്‍ പായ്ക്ക് ചെയ്യുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയും മേഖലയിലാണ് തുടക്കത്തില്‍ പരീക്ഷണങ്ങള്‍ നടക്കുന്നത്. ലൂസിയാനയിലെ ആമസോണിന്റെ പ്രധാന വെയര്‍ഹൗസില്‍ മാത്രം ആയിരത്തോളം റോബോട്ടുകളെയാണ് നിലവില്‍ ഉപയോഗിക്കുന്നത്.

