തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ കേരളത്തില്‍ വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആര്‍) നടപടികള്‍ ആരംഭിക്കുന്നതിനെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. ബിജെപി ഒഴികെയുള്ള കക്ഷികള്‍ ഈ നീക്കത്തിനു പിന്തുണ അറിയിച്ചു. സുപ്രീംകോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കുന്നതിനു മുമ്പ് ആവശ്യമായ നിയമോപദേശം തേടുമെന്നും പിണറായി വിജയന് അറിയിച്ചു.
2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് തയാറാക്കിയ വോട്ടര്‍ പട്ടിക നിലവിലിരിക്കെയാണ് ഒരു വര്‍ഷത്തിനു ശേഷം വീണ്ടും പട്ടിക പുതുക്കുന്നത്. അതും 2002ലെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍. ഈ നീക്കം അശാസ്ത്രീയവും ദുരുദ്ദേശ്യപരവുമാണ്. മുഖ്യമന്ത്രി ആരോപിച്ചു. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ് ഈ നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. കോടതിയില്‍ പോയാല്‍ കക്ഷിചേരാന്‍ കോണ്‍ഗ്രസ് സന്നദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കി.
കെ സുരേന്ദ്രന്-ബിജെപി, പി സി വിഷ്ണുനാഥ്-കോണ്‍ഗ്രസ്, സത്യന് മൊകേരി-സിപിഐ, പി കെ കുഞ്ഞാലിക്കുട്ടി-മുസ്ലിം ലീഗ്, സ്റ്റീഫന്‍ ജോര്‍ജ്-കേരള കോണ്‍ഗ്രസ് എം, പി ജെ ജോസഫ്-കേരള കോണ്‍ഗ്രസ്, മാത്യു ടി തോമസ്-ജനതാദള്‍ സെക്യുലര്‍, തോമസ് കെ തോമസ്-എന്‍സിപി, ഉഴമലയ്ക്കല്‍ വേണുഗോപാല്‍-കോണ്‍ഗ്രസ് എസ്, കെ ജി പ്രേംജിത്-കേരള കോണ്‍ഗ്രസ് ബി, കെ ആര് ഗിരിജന്‍-കേരള കോണ്‍ഗ്രസ് ജേക്കബ്, എന്‍ കെ പ്രേമചന്ദ്രന്-ആര്‍എസ്പി, അഹമ്മദ് ദേവര്‍കോവില്‍-ഐഎന്‍എല്‍, ആന്റണി രാജു-ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

