വാഷിങ്ടനും ബെയ്ജിങ്ങിനുമിടയില്‍ മഞ്ഞുരുകുന്നുവോ, ഫോണ്‍വിളി, ടിക് ടോക് സമവായം അങ്ങനെ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും മൂന്നു മാസങ്ങള്‍ക്കുശേഷം തമ്മില്‍ ഫോണ്‍സംഭാഷണം നടത്തുകയും ഇരുരാജ്യങ്ങള്‍ക്കമിടയിലുള്ള മൂകസംഘര്‍ഷത്തില്‍ അയവുവരുത്തുകയും ചെയ്തതായി വിവരം. സംഭാഷണത്തില്‍ ചൈനീസ് വീഡിയോ ഷെയറിങ്ങ് സാമൂഹ്യമാദ്ധ്യമമായ ടിക് ടോക്കിന് അമേരിക്കയിലുണ്ടായ വെല്ലുവിളിക്കും പരിഹാരമുണ്ടാകുന്നതായി സൂചന ലഭിച്ചു. കഴിഞ്ഞ ജനുവരിമുതല്‍ ടിക് ടോക്ക് അമേരിക്കയില്‍ തത്വത്തില്‍ തടയപ്പെട്ടിരിക്കുന്നതാണെങ്കിലും അത് ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഈ പ്രശ്‌നത്തിലും പരിഹാരം കാണാന്‍ ഫോണ്‍ സംഭാഷണത്തിലൂടെ വഴി തുറന്നതായാണ് മനസ്സിലാക്കാവുന്നത്.
ദക്ഷിണകൊറിയയില്‍ ഒക്ടോബര്‍ ഒടുവില്‍ ആരംഭിക്കുന്ന ഏഷ്യാ-പസിഫിക്ക് ഇക്കണോമിക് കോ-ഓപ്പറേഷന്‍ സമിതിയില്‍ ഇരുനേതാക്കളും കൂടിക്കാണാന്‍ തീരുമാനിച്ചതായും ട്രംപ് സാമൂഹ്യമാദ്ധ്യമത്തില്‍ കുറിച്ചു. ഇതിനു തുടര്‍ച്ചയായി ട്രംപ് ചൈനയില്‍ സന്ദര്‍ശനം നടത്താനും സാദ്ധ്യതയുണ്ട്. ട്രംപിന്റെ കുറിപ്പനുസരിച്ച് വ്യാപാരം, ഫെന്റനില്‍, യുക്രെയ്ന്‍ യുദ്ധം, ടിക്ടോക്ക് തുടങ്ങി നിരവധി വിഷയങ്ങളില്‍ സംസാരിച്ച് ഇരുനേതാക്കളും ധാരണയിലെത്തി. എന്നാല്‍ ഷി ജിന്‍പിങ്ങ് ടിക്ടോക്കില്‍ പങ്കുവച്ച സന്ദേശത്തില്‍ ഈ വിവരങ്ങളൊന്നുമില്ല. ചൈന തങ്ങളുടെ നിയമങ്ങളും താത്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് ബിസിനസ് ചെയ്യുന്ന ഏത് കമ്പനിയെയും ചൈനയിലേയ്ക്കു സ്വാഗതം ചെയ്യുന്നതായി മാത്രമാണ് അദ്ദേഹം പറഞ്ഞത്. എന്തായാലും ഇരുനേതാക്കളും പരസ്പരം കണ്ടുമുട്ടുന്നത് ലോകം ഉറ്റുനോക്കുകയാണ്.