ആല്‍ഡി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് രണ്ട് ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കുന്നു, ഗുണമേന്മക്കുറവും മായം ചേര്‍ക്കലും പ്രശ്‌നം

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ആല്‍ഡി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നെല്ലാം അര്‍ബന്‍ ഈറ്റ്‌സിന്റെ ജാപ്പനീസ് സ്റ്റൈല്‍ വെജിറ്റബിള്‍ ഗ്യോസയുടെ 750 പായ്ക്കറ്റുകള്‍ പിന്‍വലിച്ചു. ഇവയില്‍ ഗ്ലാസിന്റെ അംശം അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇവയെല്ലാം 2027 ജൂണ്‍ മാസം വരെ ഉപയോഗിക്കാന്‍ അനുമതിയുള്ളതാണെങ്കിലും പിന്‍വലിക്കുകയാണെന്ന് ആല്‍ഡി വൃത്തങ്ങള്‍ അറിയിച്ചു. ഇവയില്‍ ഗ്ലാസ് തരികളാണ് മായം ചേര്‍ക്കലിന് ഉപയോഗിച്ചിരുന്നതെന്ന് ഫുഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മറ്റൊരു കണ്ടെത്തലിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയും ഒരു ഉല്‍പ്പന്നം ആല്‍ഡി ഇതേ രീതിയില്‍ പിന്‍വലിച്ചിരുന്നതാണ്. ഫൈന്‍ ഫുഡ്‌സ് വെസ്റ്റ് ഓസ്‌ട്രേലിയയുടെ ബ്രൗണ്‍ റൈസ് സാലഡായിരുന്നു ഗുണമേന്മയില്‍ പിന്നോക്കമെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്‍വലിച്ചത്. ഇവ ഇതിനകം വാങ്ങിയവരോട് ഉപയോഗിക്കരുതെന്നും തിരികെ കൊണ്ടുവന്നാല്‍ റീഫണ്ട് അനുവദിക്കുമെന്നും ആല്‍ഡി അറിയിച്ചിട്ടുണ്ട്.