അജിത് കുമാറിന് ചെറിയൊരു ആശ്വാസം, വിജിലന്‍സ് ഉത്തരവിന് താല്‍ക്കാലിക സ്‌റ്റേ

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് എഡിജിപി എം ആര്‍ അജിത് കുമാറിനെതിരേ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവായ തുടര്‍ അന്വേഷണത്തിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ. കോടതി ഓണാവധിക്കു പിരിയുന്നതിനാല്‍ ്അതിനു ശേഷം വിശദമായ വാദം കേള്‍ക്കുന്നതാണെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബഞ്ച് അറിയിച്ചു. അതുവരെ അന്വേഷണത്തിനുള്ള സ്റ്റേ തുടരും.
ചൊവ്വാഴ്ച കേസ് കേള്‍ക്കാന്‍ വിളിച്ചപ്പോള്‍ തന്നെ വിജിലന്‍സ് കോടതിയുടെ ഉത്തരവില്‍ ഹൈക്കോടതി ഏതാനും സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. അതുപോലെ ആരോപണ വിധേയനെക്കാള്‍ താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണ നടത്തി തയാറാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ടിലും കോടതി കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ഓണാവധിക്കു ശേഷം കോടതി ചേരുമ്പോള്‍ വിശദമായ വാദങ്ങളിലേക്കാകും കടക്കുകയെന്നു പ്രതീക്ഷിക്കപ്പെടുന്നു. വരുമാനത്തെക്കാള്‍ വളരെ കൂടിയ തുകയ്ക്കുള്ള സ്വത്തുക്കള്‍ അജിത് കുമാര്‍ സമ്പാദിച്ചു എന്നാരോപിച്ച് നെയ്യാറ്റിന്‍കര നാഗരാജാണ് വിജിലന്‍സിനെ സമീപിച്ചിരുന്നത്. ആ കേസിലാണ് ഇപ്പോള്‍ വിവാദമായിരിക്കുന്ന ഉത്തരവ് വിജിലന്‍സ് കോടതിയില്‍ നിന്നുണ്ടായത്. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അജിത്കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അജിത്തിനെതിരേ കോടതി നേരിട്ട് അന്വേഷണം നടത്തണമെങ്കില്‍ കൂടി മുന്‍കൂറായി സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടതായിരുന്നുവെന്നാണ് ഹൈക്കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നത്.