കൊച്ചി: വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരേ എഡിജിപി എം. ആര്‍. അജിത്കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടും വിശദീകരണവും ആവശ്യപ്പെട്ട് ഹൈക്കോടതി. എഡിജിപിയുടെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നിലവിലുള്ള ഹര്‍ജിയില്‍ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണം നടത്തണമെന്നുമായിരുന്നു വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ഇതിനെതിരെയാണ് അജിത് കുമാര്‍ ഹൈക്കോടതിയിലെത്തിയത്. ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട് വിശദീകരണ സഹിതം ആവശ്യപ്പെട്ടത്. സംസ്ഥാന പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഹര്‍ജിക്കാരനെതിരേ വളരെ താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണം ശരിയായ നടപടിയല്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെടുകയും ചെയ്തു.
കീഴുദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തിന് പ്രോസിക്യൂഷന്റെ അനുമതിയുണ്ടായിരുന്നോയെന്നും ഹൈക്കോടതി ആരായുകയുണ്ടായി. ഇക്കാര്യവും വിജിലന്‍സ് വ്യക്തമാക്കണം. അനുമതിയില്ലാതെയാണ് അന്വേഷണമെങ്കില്‍ അത് നടപടിക്രമങ്ങള്‍ക്കു വിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. കേസിന്റെ ഇതുവരെയുള്ള നടത്തിപ്പില്‍ ഏതാനും നിയമപ്രശ്‌നങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിജിലന്‍സിന്റെ വിശദീകരണം ലഭിക്കുന്നതിനു വേണ്ടി ബുധനാഴ്ചത്തേക്ക് കോടതി കേസ് പരിഗണിക്കുന്നതു മാറ്റിയിട്ടുണ്ട്. തീരുമാനം അതിനു ശേഷമേ ഉണ്ടാകൂ എന്നും കോടതി വ്യക്തമാക്കി.
അജിത്കുമാറിന്റെ കേസ് നീളുന്നു, ഹൈക്കോടതിക്ക് പലതും അറിഞ്ഞേ തീരൂ
