തിരുവന്തപുരം: വിജിലന്‍സ് കോടതി പിടിച്ചു കുടഞ്ഞ എഡിജിപി അജിത് കുമാറിനെ രക്ഷിക്കാന്‍ അരയും തലയും മുറുക്കി സംസ്ഥാന സര്‍ക്കാര്‍. വളരെ അസാധാരണ നീക്കമാണ് ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയിരിക്കുന്നത്. വളരെ വിവാദമായ രണ്ടു സംഭവങ്ങളില്‍ അജിത് കുമാറിനെതിരേ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് വിരമിച്ച ഡിജിപി ഷേക്ക് ദര്‍വേഷ് സാഹിബിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തൃശൂര്‍ പൂരം കലക്കല്‍, എസ്പി പി വിജയന് നല്കിയ പരാതി എന്നിവയിലാണ് അന്വേഷണം ആവശ്യപ്പെട്ടിരുന്നത്. ദര്‍വേഷ് സാഹിബ് അന്വേഷണം പൂര്‍ത്തിയാക്കുകയും സമയത്തു തന്നെ സമര്‍പ്പിക്കുകയും ചെയ്ത റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഡിജിപിക്കു തന്നെ മടക്കി നല്കിയിരിക്കുകയാണിപ്പോള്. പുതിയ ഡിജിപിയായി ചാര്‍ജെടുത്തിരിക്കുന്ന റവാഡ ചന്ദ്രശേഖരന് പുതിയതായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കണമെന്നാണിപ്പോള് ആവശ്യപ്പെട്ടിരിക്കുന്നത്. വളരെ അപൂര്‍വമായ നടപടിയാണിതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതിനിടെ, അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സംസ്ഥാന വിജിലന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അജിത്കുമാറിനു നല്‍കിയിരുന്ന ക്ലീന്‍ ചിറ്റി സര്‍ട്ടിഫിക്കറ്റ് തിരുവനന്തപുരും വിജിലന്‍സ് കോടതി തള്ളിയതിനെതിരേ അജിത് കുമാര്‍ ഇന്നു ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഇതേ ഉത്തരവില്‍ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് കോടതിക്കു സമര്‍പ്പിക്കുന്നതിനു മുമ്പ് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചതിനെയും കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നതാണ്.
അജിത് കുമാറിനോടു വാത്സല്യം മൂത്തപ്പോള്‍ അസാധാരണ ഇടപെടലുമായി സര്‍ക്കാര്‍
