പ്രവാസവും യാത്രയും ഒരിലയുടെ ഇരുപുറം പോലെയല്ലേ. എല്ലാക്കൊല്ലവും തന്നെ ലീവില്‍ നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര. ചിലര്‍ക്ക് ജോലി തന്നെ യാത്രകൂടെ വേണ്ടതായിരിക്കും. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ യാത്രയെ പ്രണയിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവര്‍ കുറവായിരിക്കും. ഇനി യാത്രകളില്‍ മനസില്‍ എഴുതി വയ്ക്കാന്‍ ഏഴു വിമാനത്താവളങ്ങളെ പരിചയപ്പെട്ടാലോ. ഏതെങ്കിലും യാത്രയില്‍ എന്നെങ്കിലുമൊരുനാള്‍ പ്രായമോ സമയമോ നോക്കാതെ ഇവ കൂടെ കാണാന്‍ പദ്ധതിയിട്ടോളൂ. അത്ര സുന്ദരമാണീ വിമാനത്താവളങ്ങള്‍. എല്ലാം വാസ്തുഭംഗികൊണ്ടും, രൂപകല്‍പനയിലെ വ്യത്യാസം കൊണ്ടുമൊക്കെ ഹൃദയത്തെ കീഴടക്കുന്നവ. ഈ വിമാനത്താവളങ്ങളെല്ലാം പ്രശസ്തമായ പ്രിക്‌സ് വെര്‍സെയില്‍സ് പുരസ്‌കാരത്തിനു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതാണെന്നു മറക്കേണ്ട.
യാന്തായ് പെങ്‌ളായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 2 ചൈന

1.67 ലക്ഷം സ്‌ക്വയര്‍ മീറ്ററില്‍ വിസ്തരിച്ചു കിടക്കുകയാണീ വിമാനത്താവളം. ഇതിന്റെ രൂപകല്‍പനയില്‍ പ്രധാന പങ്കു വഹിച്ചത് എയ്ഡസ് ആണ്. ഇതിന്റെ ഡിസൈനിനു വേണ്ട പ്രചോദനം തീര്‍ത്തത് വിമാനത്താവളത്തിന്റെ കടലിനോടുള്ള സാമീപ്യവും. ഇതിന്റെ മേല്‍ക്കൂരയൊന്നു കാണേണ്ടതു തന്നെ. അതിനു പ്രചോദനം ലഭിച്ചത് കുന്യു മലനിരകളില്‍ നിന്ന്. ഹൈമാസ്റ്റ് ലൈറ്റുകള്‍ പോലെ തൂണുകളിലുറപ്പിച്ചിരിക്കുന്ന വലിയ വൈദ്യുതവിളക്കുകള്‍ ഓരോ ഗേറ്റിലേക്കുമുള്ള അടയാളങ്ങളാണ്. ഈ വിമാനത്താവളത്തിന്റെ എല്ലാ ഭാഗത്തും സൂര്യപ്രകാശം കടന്നു വരുന്ന രീതിയിലാണ് നിര്‍മാണം.
മാര്‍സെയില്‍സ് പ്രോവെന്‍സ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1 ഫ്രാന്‍സ്

ഒരേ സമയം ആധുനിക രൂപകല്‍പനയുടെ അഴകും ഫാന്‍സിന്റെ സാംസ്‌കാരിക പൈതൃകവും കൂടി സമ്മേളിക്കുന്നു എന്നതാണ് മാര്‍സെയ്ല്‍സ് പ്രോവെന്‍സ് വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിന്റെ പ്രത്യേകത. ഇരുപതിനായിരം ചതുരശ്ര മീറ്ററിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇന്‍വെര്‍ട്ടഡ് ബീം രീതിയില്‍ നിര്‍മിച്ചിരിക്കുന്ന മേല്‍ക്കൂരയില്‍ ലോഹനിര്‍മിതമായ ചതുരക്കള്ളികളുടെ വിതാനിപ്പ് വേറിട്ട അനുഭവമായി മാറുന്നു. പൂര്‍ണമായും സ്വാഭാവിക വെന്റിലേഷന്‍ ഉറപ്പുവരുത്താനുമായിട്ടുണ്ട്. മാര്‍സെയില്‍സിന്റെ പഴയ കപ്പലോട്ട കാലത്തിന്റെ സ്മരണകളാണ് ഈ വിമാനത്താവളത്തിന്റെ രൂപകല്‍പനയ്ക്കു പിന്നിലുള്ള പ്രചോദനം.
റോളണ്ട് ഗാരോസ് എയര്‍പോര്‍ട്ട് അറൈവല്‍ ടെര്‍മിനല്‍, റീയൂണിയന്‍ ദ്വീപുകള്‍

റീയൂണിയന്‍ ദ്വീപുകളുടെ ഭൂപ്രകൃതി പോലെ തന്നെ സുന്ദരമാണ് പുതുക്കിപ്പണിത റോളണ്ട് ഗാരോസ് വിമാനത്താവളം. ഇതിന്റെ 70 ശതമാനം നിര്‍മിതിയും പുനരുപയോഗിച്ച ഉരുക്കുകൊണ്ടാണ്. തുറക്കുകയും അടയ്ക്കുകയും ചെയ്യാവുന്ന 830 ലൂവ്‌റുകളാണ് ഇതില്‍ കാലാവസ്ഥയ്ക്കനുസരിച്ച് ചൂടിനെ ഉള്ളിലേക്കു വിടുന്നതും തണുപ്പിനെ തടയുന്നതും. ഈ ദ്വീപ സമൂഹത്തിന്റെ പച്ചപ്പു നിറഞ്ഞ ചുറ്റുപാടുകളില്‍ നിന്നാണ് ഡിസൈനിന്റെ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്.
കാന്‍സായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1 ജപ്പാന്‍

കാന്‍സായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിര്‍മിച്ചിരിക്കുന്നതു തന്നെ കൃത്രിമമായി തയാറാക്കിയൊരു ദ്വീപിലാണ്. ഇതിന്റെ എന്‍ജിനിയറിങ് വൈഭവമാണ് ഈ എയര്‍പോര്‍ട്ടിനെ വ്യത്യസ്തമാക്കുന്നത്. റെന്‍സോ പിയാനോ എന്ന ഡിസൈനര്‍ രൂപകല്‍പന ചെയ്ത ഈ വിമാനത്താവളം ജപ്പാന്റെ സമ്പന്നമായ പൈതൃകത്തെയാണ് സൂചിപ്പിക്കുന്നത്. പ്രകൃതിദത്തമായി വസ്തുക്കള്‍ പരമാവധി ഉപയോഗിച്ചിരിക്കുന്നു. എന്നാല്‍ ജാപ്പനീസ് ലുക്കില്‍ വിട്ടുവീഴ്ചയുമില്ല.
ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മെയിന്‍ ടെര്‍മിനല്‍, പോര്‍ട്ട്‌ലാന്‍ഡ്

വനത്തിലൂടെ നടക്കുന്നതിനു തുല്യമായ അനുഭവം യാത്രികര്‍ക്കു പ്രദാനം ചെയ്യണമെന്ന താല്‍പര്യത്തിലാണ് ഈ എയര്‍പോര്‍ട്ട് ചെയ്തിരിക്കുന്നതു തന്നെ. ഇവിടുത്തെ അന്തരീക്ഷം മൊത്തത്തില്‍ ആര്‍ക്കും തുറന്നു വിശാലമായി കിടക്കുന്ന വനത്തിന്റെ ഓര്‍മകളായിരിക്കും തരിക. എഴുപതോളം മരങ്ങളും അയ്യായിരം മറ്റു സസ്യങ്ങളും എയര്‍പോര്‍ട്ടിന്റെ ഭാഗമായി തന്നെ നിലനിര്‍ത്തിയിരിക്കുന്നു.
ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മെയിന്‍ ടെര്‍മിനല്‍ 1 സാന്‍ഫ്രാന്‍സിസ്‌കോ

പരിസ്ഥിതിപരമായ താല്‍പര്യങ്ങള്‍ മുഴുവനായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന വിമാനത്താവളമെന്ന് സാന്‍ഫ്രാന്‍സിസ്‌കോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെ വിളിക്കാം. കാര്‍ബണ്‍ പുറന്തള്ളലിന്റെ 79 ശതമാനം കുറയ്ക്കാന്‍ സാധിക്കുന്ന നിര്‍മാണരീതികള്‍ മാത്രമാണ് ഈ വിമാനത്താവളത്തില്‍ ഉപയോഗിച്ചത്. അതുപോലെ ഉര്‍ജ ഉപയോഗം 60 ശതമാനവും വേസ്റ്റ് ഉല്‍പാദനം 90 ശതമാനവും കുറച്ചായിരുന്നു നിര്‍മിതി. പൂര്‍ണമായി സോളാറില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ മേല്‍ക്കൂരയില്‍ മുഴുവന്‍ സോളാര്‍ പാനലുകള്‍ ഉറപ്പിച്ചിരിക്കുന്നു.
മാരക്കേഷ് മെനാര എയര്‍പോര്‍ട്ട് മൊറോക്കോ

വാസ്തുഭംഗിയില്‍ ലോകത്തൊട്ടാകെ ഏറ്റവും മുന്നില്‍ വരുന്ന എയര്‍പോര്‍ട്ടെന്നു മൊറോക്കോയിലെ മാരക്കേഷ് എയര്‍പോര്‍ട്ടിനെ വിളിക്കണം. മൊറോക്കന്‍ പൈതൃകവും ഭൂപ്രകൃതിയും ഒരുപോലെ തുടിച്ചു നില്‍ക്കുന്നു എന്നതാണിതിന്റെ സവിശേഷത. പരമ്പരാഗത ഇസ്ലാമിക് ജ്യോമട്രിക് കലയുടെ അംശങ്ങളില്‍ നിന്നാണിതിന്റെ പ്രചോദനം. തേനറകളുടെ ആകൃതിയിലുള്ള മുഖപ്പ് അതീവ സുന്ദരമാണ്. കല്ലും ഉരുക്കും ഇടകലരുന്ന നിര്‍മിതി ചരിത്രപരമായ ഘടകങ്ങളുടെയും സമകാലിക സമ്പ്രദായങ്ങളുടെയും മികച്ച സമ്മേളനമാണ് ഒരുക്കുന്നത്.