ന്യൂഡല്‍ഹി: നേപ്പാളിലേക്ക് ബുക്ക് ചെയ്തിരുന്ന മുഴുവന്‍ യാത്രാടിക്കറ്റുകള്‍ക്കും പൂര്‍ണ റീഫണ്ടിങ് അല്ലെങ്കില്‍ സൗജന്യ റീഷെഡ്യൂളിങ് സൗകര്യം ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. സെപ്റ്റംബര്‍ 17 വരെ നേപ്പാളിലേക്കുള്ള യാത്രയ്‌ക്കോ അവിടെ നിന്നു തിരികെയുള്ള യാത്രയ്‌ക്കോ ബുക്ക് ചെയ്ത മുഴുവന്‍ ടിക്കറ്റുകള്‍ക്കും ഈ സൗകര്യം ലഭ്യമായിരിക്കുമെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വക്താവ് അറിയിച്ചിരിക്കുന്നത്. നേപ്പാളില്‍ കലാപം തുടരുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ സൗകര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താനാണീ നടപടിയെന്നും ഇതു സംബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
യാത്ര റിഷെഡ്യൂള്‍ ചെയ്യുന്നവര്‍ക്ക് സമയപരിധിയൊന്നും ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഭാവിയിലെ ഏതെങ്കിലും തീതതിയിലേക്ക് എന്നു മാത്രമാണ് പത്രക്കുറിപ്പ് പറയുന്നത്. റീഫണ്ടിങ് അല്ലെങ്കില്‍ റീഷെഡ്യൂളിങ് സൗകര്യം അനായാസം ലഭിക്കുന്നതിന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എഐ അധിഷ്ഠിത ചാറ്റ് ബോട്ടായ ടിയ യോട് നേപ്പാള്‍ ട്രാവല്‍ എന്നു ടൈപ്പ് ചെയ്തു കൊടുത്താല്‍ മാത്രം മതിയാകും. ബാക്കിയൊക്കെ ടിയ നോക്കിക്കൊള്ളും. വാട്‌സാപ്പിലും മൊബൈല്‍ ആപ്പിലും ടിയയുടെ സേവനം തേടാവുന്നതാണ്. ഇതിനുപുറമെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് മുഖേനയും ഇതിന് അവസരമുണ്ടാകുമെന്നും കമ്പനി അറിയിക്കുന്നു. രണ്ടു ദിവസത്തിനുള്ളില്‍ നേപ്പാളിലേക്കുള്ള യാത്രയുടെ തടസം മാറുമെന്ന പ്രതീക്ഷയാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്.
നേപ്പാള്‍ യാത്ര, സൗജന്യമായി റദ്ദാക്കാം, തീയതി മാറ്റാം-എയര്‍ ഇന്ത്യ എക്‌സ്പ്രസ്
