ഇതിലും വേറിട്ട ഓണസദ്യ സ്വപ്‌നങ്ങളില്‍ മാത്രം. അങ്ങനെ പറഞ്ഞില്ലെങ്കിലാണ് അതിശയം

കൊച്ചി: അത്യുന്നതങ്ങളില്‍ ഓണസദ്യയുണ്ടിട്ടുണ്ടോ. അതിനാണ് ഇക്കൊല്ലം എയര്‍ ഇന്ത്യ എക്‌സ്പ്രസ് അവസരമൊരുക്കുന്നത്. ആകാശക്കൂടാരക്കീഴില്‍ മേഘങ്ങളെ ഉരുമ്മി ഓണമുണ്ണുക. ഒരു തരം സ്വപ്‌നസദ്യ ഇന്നു മുതല്‍ സെപ്റ്റംബര്‍ ആറു വരെ കേരളത്തിലെ നാലു വിമാനത്താവളങ്ങളില്‍ നിന്നും മംഗലാപുരത്തു നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ വിദേശത്തേക്കു പറക്കുന്നവര്‍ക്കു ലഭിക്കും. സദ്യവട്ടങ്ങള്‍ എല്ലാം ഒത്ത് തൂശനിലയിലുള്ള സദ്യയ്ക്ക് ആകെ മുടക്കേണ്ടത് ഒരിലയ്ക്ക് അഞ്ഞൂറു രൂപ മാത്രം.
മട്ട അരിയുടെ ചോറ്, പരിപ്പ്, നെയ്യ്, സാമ്പാര്‍, പുളിശേരി, തോരന്‍, എരിശേരി, അവിയല്‍, കൂട്ടുകറി, ഇഞ്ചിപുളി, മാങ്ങ അച്ചാര്‍, നേന്ത്രക്കായ് ഉപ്പേരി, ശര്‍ക്കര വരട്ടി, പായസം എന്നിവയെല്ലാം കൂട്ടിയുള്ളതാണ് സദ്യ. കസവ് കരയുടെ പ്രത്യേക ഡിസൈനില്‍ തയാറാക്കിയ പായ്ക്കറ്റിലാണ് സദ്യ യാത്രക്കാരുടെ കൈയിലെത്തുക. യാത്ര പുറപ്പെടുന്നതിന് പതിനെട്ടു മണിക്കൂര്‍ മുമ്പു വരെ സദ്യ ഓണ്‍ലൈനായി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സൈറ്റില്‍ കയറി ബുക്ക് ചെയ്യാം. കേരളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓപ്പറേറ്റ് ചെയ്യുന്ന 525 വിമാന സര്‍വീസുകളിലും സദ്യ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനും സദ്യ ബുക്ക് ചെയ്യുന്നതിനും www.airindiaexpress.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.