ശൈത്യകാല ഷെഡ്യൂളില്‍ കേരളത്തെ കൈവിട്ട് എയര്‍ഇന്ത്യ, സര്‍വീസുകളില്‍ വന്‍ കുറവ്

കൊച്ചി: ഒക്ടോബര്‍ അവസാനം മുതല്‍ മാര്‍ച്ച് 26 വരെ നീണ്ടു നില്‍ക്കുന്ന ശൈത്യകാല ഷെഡ്യൂളില്‍ കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളില്‍ ഗണ്യമായ കുറവു വരുത്തി എയര്‍ ഇന്ത്യ. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകളിലാണ് കുറവ് വരുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചിരിക്കുന്നത് കണ്ണൂരില്‍ നിന്ന്, ആകെ 42 സര്‍വീസുകള്‍. ഇവ മൂന്നും പൊതു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളാണ്. ഇവിടെ നിന്ന് കൊണ്ടുപോകുന്ന സര്‍വീസുകള്‍ പകരം ആരംഭിക്കുന്നതു മുഴുവന്‍ സ്വകാര്യമേഖലയിലെ വിമാനത്താവളങ്ങളില്‍ നിന്നാണ്. സ്വകാര്യ മേഖലയിലുള്ള തിരുവനന്തപുരത്തു നിന്നുള്ള സര്‍വീസുകള്‍ക്കൊന്നിനും മുടക്കവുമില്ല. ശൈത്യ കാലത്ത് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ആവശ്യം വര്‍ധിക്കുന്നതു കണക്കിലെടുത്താണ് ഇവിടെ നിന്നുള്ള സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതെന്നാണ് ഇതു സംബന്ധിച്ച് എയര്‍ ഇന്ത്യ പറയുന്നത്. എന്നാല്‍ ക്രിസ്മസ് പുതുവര്‍ഷം തുടങ്ങിയ മലയാളികള്‍ ഏറ്റവുമധികം യാത്ര ചെയ്യുന്ന സമയത്ത് ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചത് വലിയ യാത്രാബുദ്ധിമുട്ടിലേക്കായിരിക്കും നയിക്കുക. എന്നാല്‍ ശൈത്യകാല ഷെഡ്യൂളുകള്‍ കഴിഞ്ഞാല്‍ കേരളത്തില്‍ നിന്നു കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടത്രേ. അപ്പോള്‍ കേരളത്തില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണം 231 ആയും ആഭ്യന്ത സര്‍വീസുകളുടെ എണ്ണം245 ആയും വര്‍ധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ ഉറപ്പു തരുന്നു.