ചെന്നൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരനു നല്‍കിയ ഭക്ഷണത്തില്‍ തലമുടി കണ്ടെത്തിയ സംഭവത്തില്‍ 35000 രൂപ നഷ്ടപരിഹാരം വിധിച്ച് മദ്രാസ് ഹൈക്കോടതി. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഇക്കാര്യത്തില്‍ സിവിള്‍ കോടതി വിധിയുണ്ടായിരുന്നത്. ഇതിനെതിരേ എയര്‍ ഇന്ത്യ നല്‍കിയ അപ്പീലിലാണ് തുക പകുതിയില്‍ താഴെയാക്കി കുറവു ചെയ്തത്. ജസ്റ്റിസ് പി ബി ബാലാജിയാണ് വിധി പറഞ്ഞത്.
കൊളംബോയില്‍ നിന്നു ചെന്നൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണ് ഭക്ഷണത്തില്‍ നിന്നു തലമുടി ലഭിക്കുന്നത്. വിമാനത്തിലെ കാബിന്‍ക്രൂവിനോട് ഇതു സംബന്ധിച്ച് പരാതി ഉന്നയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിക്കുന്നത്. ഭക്ഷണം കഴിച്ചതിനു പിന്നാലെ വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതായി ഇദ്ദേഹം പരാതിയില്‍ പറയുന്നു. പതിനൊന്നു ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ചെന്നൈ അഡീഷണല്‍ സിവിള്‍ കോടതി ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കുകയായിരുന്നു. 2022ലാണ് ഈ വിധി വരുന്നത്. ഇതേ തുടര്‍ന്ന് ഹൈക്കോടതിയില്‍ എയര്‍ ഇന്ത്യ അപ്പീലുമായി പോകുകയായിരുന്നു. അതിലാണിപ്പോള്‍ ഈ വിധി വന്നിരിക്കുന്നത്.
വിമാനത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷണം ഉല്‍പാദിപ്പിക്കുന്ന പഞ്ച നക്ഷത്ര ഹോട്ടലിനെയും ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. എന്നു മാത്രമല്ല, വിമാന കമ്പനിയുമായല്ലാതെ കാറ്ററിങ് സ്ഥാപനവുമായി യാത്രക്കാരന് കരാറൊന്നുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

