മിലാന്‍: നാട്ടിലെത്തി ദീപാവലി ആഘോഷിക്കാമെന്നു കരുതി യാത്ര നിശ്ചയിച്ച യാത്രക്കാരോട് എയര്‍ ഇന്ത്യ ചെയ്തത് വല്ലാത്ത ക്രൂരത. ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് മൂന്‍കൂര്‍ നോട്ടീസ് നല്‍കാതെ റദ്ദാക്കിയത്. നൂറോളം ഇന്ത്യക്കാരാണ് ഇതു മൂലം കെണിയിലായത്. വെള്ളിയാഴ്ച മിലാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനമാണ് സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടി റദ്ദാക്കിയത്. പകരം മറ്റൊരു വിമാനം ഏര്‍പ്പാടാക്കാന്‍ ശ്രമിച്ചതുമില്ല.
256 യാത്രക്കാരും പത്തിലധികം ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തിലെ യാത്രക്കാര്‍. ഇനി എയര്‍ ഇന്ത്യ വിമാനം തന്നെ ഇവര്‍ക്കു വേണമെങ്കില്‍ തിങ്കളാഴ്ചയ്ക്കു ശേഷമേ അനുവദിക്കൂ. അല്ലെങ്കില്‍ മറ്റ് എയര്‍ലൈനുകളില്‍ ഇവരെ കയറ്റിവിടാമെന്ന് എയര്‍ ഇന്ത്യ അറിയിക്കുന്നുണ്ട്. അതും ദീപാവലിക്കു ശേഷമേ നടക്കൂ. അതായാലും ഇതായാലും കിട്ടിയ പണിക്ക് പരിഹാരമൊന്നുമില്ലെന്നര്‍ഥം. നാട്ടിലെത്തി ദീപാവലി ആഘോഷിക്കുന്നതിനു വേണ്ടി മാത്രം യാത്ര പ്ലാന്‍ ചെയ്തിരുന്നവര്‍ നൂറിലധികമായിരുന്നു. അവരുടെ കാര്യമാണ് ഏറ്റവും ദുഖകരമായത്.

