അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനം തകര്‍ന്നു വീണ സംഭവത്തില്‍ ദുരൂഹതകളുടെ സൂചന നല്‍കി അന്വേഷണത്തിന്റ് പ്രാഥമിക റിപ്പോര്‍ട്ട് പുറത്തിറങ്ങി. പറന്നുയര്‍ന്ന് ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. ഇക്കാര്യം അന്വേഷണത്തിലും വ്യക്തമാകുന്നു. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോയാണ് പ്രാഥമികാന്വേഷണത്തിനു ശേഷമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
വിമാനത്തിന്റെ എന്‍ജിനിലേക്ക് ഇന്ധനമെത്തിക്കുന്ന സംവിധാനത്തിന്റെ പ്രവര്‍ത്തനം നിലച്ചതാണ് അപകടത്തിനു കാരണമെന്ന് ബ്യൂറോയുടെ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഏതുവിധത്തിലാണ് ഇന്ധന നിയന്ത്രണ സംവിധാനം തകരാറിലായതെന്നതു സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് കൃത്യമായ അനുമാനത്തിലെത്തുന്നുമില്ല. അതേസമയം, ദുരൂഹമായി തുടരുന്നത് വിമാനത്തിന്റെ കോക്പിറ്റിനുള്ളില്‍ രണ്ടു പൈലറ്റുമാരും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ റിക്കോര്‍ഡ് ചെയ്യപ്പെട്ട ശബ്ദരേഖയാണ്.
എന്തിനാണ് ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാക്കിയതെന്ന് ഒരു പൈലറ്റ് ചോദിക്കുന്നുണ്ട്. താനല്ല സ്വിച്ച് ഓഫ് ചെയ്തതെന്ന് സഹപൈലറ്റ് ഈ ചോദ്യത്തിനു മറുപടി നല്‍കുന്നുമുണ്ട്. ഏതു പൈലറ്റാണ് ചോദ്യം ചോദിച്ചതെന്ന ഏതു പൈലറ്റാണ് മറുപടി പറഞ്ഞതെന്നോ ശബ്ദരേഖയില്‍ നിന്നു വേര്‍തിരിച്ചറിയാന്‍ സാധിക്കുന്നില്ല. എങ്കില്‍ കൂടി ഇത്തരത്തിലൊരു സംസാരം കോക്പിറ്റിനുള്ളില്‍ നടന്നത് ദുരൂഹമാണെന്ന അഭിപ്രായമാണ് ബന്ധപ്പെട്ടവര്‍ക്കുള്ളത്. ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് കോ പൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത്. എന്നാല്‍ പൈലറ്റ് ഇന്‍ കമാന്‍ഡിന്റെ പൂര്‍ണ മേല്‍നോട്ടം ടേക്ക് ഓഫിലുണ്ടായിരുന്നു താനും.
രണ്ട് എന്‍ജിനുകളിലേക്കുമുള്ള സ്വിച്ച് ഓഫ് ആകുന്നത് ഒരു സെക്കന്‍ഡ് വ്യത്യാസത്തിലാണ്. ഇന്ധനത്തിന്റെ ലഭ്യത ഇല്ലാതായതോടെ വിമാനത്തിന് പറന്നുയരാനുള്ള ശക്തി നഷ്ടപ്പെടുന്നത് സ്വാഭാവികമായിരുന്നു. എന്നാല്‍ പിന്നീട് ഓണ്‍ പൊസിഷനിലേക്ക് സ്വിച്ച് എത്തിയെങ്കിലും തുടര്‍ന്ന് ഇന്ധന ലഭ്യത തിരികെ ലഭിക്കാന്‍ രണ്ടു മിനിറ്റോളം സമയമെടുക്കുകയും ചെയ്യും. അതിനകം വിമാനം മെഡിക്കല്‍ കോളജ് കെട്ടിടത്തിനു മുകളിലേക്ക് തകര്‍ന്നു വീണു കഴിഞ്ഞിരുന്നു.
ഓട്ടമാറ്റിക്കായി വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായി മാറുകയില്ല. അതിനു കാരണം ഇതിനായുള്ള നോബ് വലിച്ചുയര്‍ത്തി താഴേക്കു താഴ്ത്തിയാല്‍ മാത്രമാണ് ഇന്ധന ലഭ്യത നിലയ്ക്കുന്നത്. രണ്ടു ഘട്ടം പ്രവര്‍ത്തനങ്ങള്‍ ഇതിനിടയില്‍ നടക്കണമെന്നു സാരം. നോബ് ഉയര്‍ത്തണം, അതു താഴേക്കെത്തിക്കണം. ഇതിനാണ് മാനുഷികമായ ഇടപെടല്‍ ആവശ്യമായി വരുന്നത്. അഹമ്മദാബാദ് വിമാനപകടത്തില്‍ ഇരുപൈലറ്റുമാരും വിമാനത്തിലെ ക്രൂവും ഉള്‍പ്പെടെ 260 പേരാണ് മരിച്ചത്. ആകെ രക്ഷപെട്ടത് ഒരു യാത്രക്കാരന്‍ മാത്രമായിരുന്നു.
അഹമ്മദാബാദ് വിമാനാപകടം; ദൂരൂഹതയേറുന്നു
