നാഷണല്‍ ഗാലറിയില്‍ ആദിമജനതയുടെ ചിത്രപ്രദര്‍ശനം വീണ്ടും തുടങ്ങുന്നു

സിഡ്‌നി: മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഓസ്‌ട്രേലിയന്‍ നാഷണല്‍ ഗാലറിയില്‍ അടുത്ത വര്‍ഷം ഓസ്‌ട്രേലിയന്‍ ആദിമജനതയുടെ ചിത്രകലാ പ്രദര്‍ശനം സംഘടിപ്പിക്കും. ആദിമജനത സ്വയം നടത്തിയ ചിത്രരചനകളുടെ പ്രദര്‍ശനമാണ് ഉദ്ദേശിക്കുന്നത്. മൂന്നുവര്‍ഷം മുമ്പ് ഒരു ചിത്രരചനയുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിച്ചതില്‍ കലാകാരിയെ സഹായിക്കാനായി ആദിമജനത അല്ലാത്തൊരാള്‍ നില്‍ക്കുന്നതായി കണ്ടതിന്റെ പേരില്‍ മുടങ്ങിയ ചിത്രപ്രദര്‍ശനമാണിപ്പോള്‍ പുനരാരംഭിക്കുന്നത്. അടുത്ത വര്‍ഷം ആദ്യമാസങ്ങളിലൊന്നില്‍ പ്രദര്‍ശനം നടത്താനാണിപ്പോള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. പ്രദര്‍ശനത്തിന്റെ പേര് ദി നുഗുര പുല്‍ക-എപിക് കണ്‍ട്രി (The Ngura Pulka-Epic Country).

ആദിമ ജനത അല്ലാത്തവര്‍ ചിത്രരചനയിലും മറ്റും ഇടപെടുന്നുണ്ടോയെന്നു കണ്ടെത്താന്‍ 2023 ജൂണില്‍ ഒരു പഠനസംഘത്തെ നിയോഗിച്ചിരുന്നു. അവര്‍ ഓരോ ചിത്രം വീതം പഠനവിധേയമാക്കിയ ശേഷമാണ് അന്നത്തെ ആരോപണം തെറ്റായിരുന്നുവെന്നു കണ്ടെത്തിയിരിക്കുകയാണ്. അതോടെയാണ് വീണ്ടും ചിത്രപ്രദര്‍ശനം അടുത്ത വര്‍ഷം ജനുവരിയില്‍ നടത്താന്‍ തീരുമാനമായിരിക്കുന്നത്.

അടുത്ത വര്‍ഷം ഏപ്രില്‍ 11 മുതല്‍ 23 വരെ നാഷണല്‍ ഗാലറി എപിവൈയുടെ പേരില്‍ ബുക്ക് ചെയ്തിരിക്കുന്നതിനാല്‍ പ്രദര്‍ശനം അപ്പോഴായിരിക്കുമെന്നു കരുതുന്നു. ഓസ്‌ട്രേലിയയുടെ വടക്കു പടിഞ്ഞാറായി ആദിമജനത താമസമാക്കിയിരിക്കുന്നതും ആള്‍ത്താമസം കുറഞ്ഞതുമായ പ്രദേശമാണ് എപിവൈ ലാന്‍ഡ്. അവിടെ അനങ്ങു മൂന്നു ഗോത്രങ്ങളിലുള്ള ആദിവാസികള്‍ മാത്രമാണുള്ളത്. ഈ വിഭാഗങ്ങളുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ന്നാണ് എപിവൈ എന്ന പേര് ഈ ഭൂഭാഗത്തിനു ലഭിച്ചിരിക്കുന്നത്.