ഇന്റര്‍നെറ്റ് നിരോധനം നൈസായി പിന്‍വലിച്ച് അഫ്ഗാനിസ്ഥാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് നിരോധിച്ച് 48 മണിക്കൂര്‍ കഴിയുന്നതിനു മുമ്പേ നിരോധനം പിന്‍വലിച്ചതായി റിപ്പോര്‍ട്്. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അസാന്മാര്‍ഗികതയ്ക്കു വളം വയ്ക്കുന്നു എന്നാരോപിച്ചായിരുന്നു നെറ്റ് നിരോധനമെങ്കില്‍ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നു ഭയന്നാണ് നിരോധനം പിന്‍വലിക്കുന്നതെന്നു പറയുന്നു. സാങ്കേതികപ്രശ്‌നം മൂലമാണ് സേവനം നിര്‍ത്തിവയ്ക്കുന്നതെന്നും വൈകാതെതന്നെ ഇന്റര്‍നെറ്റ് സേവനം പുനരാരംഭിക്കുമെന്നും വ്യക്തമാക്കി ഇതിനിടെ താലിബാന്‍ നിലപാട് മാറ്റിയിരുന്നു. റോഷന്‍, എത്തിസലാത്ത് എന്നീ വിദേശകമ്പനികളാണ് അഫ്ഗാനിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍. ഗവണ്‍മെന്റില്‍ നിന്നു മൗനാനുവാദം ലഭിച്ചതോടെ ഇവര്‍ സേവനം പുനരാരംഭിച്ചതായാണ് പറയുന്നത്. മറ്റു കമ്പനികളും സേവനം പുനരാരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.
പ്രതീക്ഷിക്കാതെയുണ്ടായ ഇന്റര്‍നെറ്റ് നിരോധനംമൂലം അഫ്ഗാനിലെ ബാങ്കിങ്ങ്, വ്യാപാരമേഖലകളാകെ പ്രതിസന്ധിയിലായിരുന്നു. മറ്റു രാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകളിലും ബുദ്ധിമുട്ടുകളുണ്ടായി. അതുകൂടാതെ പെണ്‍കുട്ടികളും സ്ത്രീകളും സ്‌കൂളുകളിലും കോളേജുകളിലും പോയി പഠിക്കുന്നത് താലിബാന്‍ തടഞ്ഞിരുന്നതിനാല്‍ അവര്‍ ഏറ്റവുമധികം വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നതും ഇന്റര്‍നെറ്റിനെ ആയിരുന്നു. ഈ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ഇന്റര്‍നെറ്റ് നിരോധനത്തോടെ തടസ്സപ്പെട്ടു. നിരവധിപേരുടെ വിമാനയാത്രയും ഇതോടെ മുടങ്ങിപ്പോയി.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന് ഐക്യരാ്ര്രഷ്ട സഭയും താലിബാനോട് ആവശ്യപ്പെട്ടിരുന്നു.
ആസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ മൂലമാണ് ഇന്റര്‍നെറ്റ് നിരോധിക്കുന്നതെന്ന് ആദ്യം പറഞ്ഞ താലിബാന്‍ സാങ്കേതിക പ്രശ്‌നങ്ങളാണ് കാരണമെന്നാണ് പിന്നീടു സ്വയം തിരുത്തിയത്. എന്നാലിത് ഈ വര്‍ഷം നടത്തിയ പല നിരോധനങ്ങളില്‍ ഒന്നുമാത്രമാണ്. നേരത്തെ തന്നെ രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ പരക്കേ ഇന്റര്‍നെറ്റ് സംവിധാനം നിരോധിച്ചിരുന്നു. മാത്രമല്ല, ആളുകള്‍ ചൂതാട്ടത്തിലേയ്ക്കു തിരിയുമെന്ന ആശങ്കമൂലം ചെസ് കളിയും താലിബാന്‍ നേരത്തേ നിരോധിച്ചിരുന്നതാണ്. ഇക്കൂട്ടത്തിലെ ഒടുവിലത്തെ നിരോധനമാണ് രാജ്യമൊട്ടാകെ നടത്തിയ ഇന്റര്‍നെറ്റ് നിരോധനം.