എംബസി വിട്ടു നല്‍കണമെന്ന് താലിബാന്‍ സര്‍ക്കാര്‍, ഇന്ത്യന്‍ നിലപാട് നിര്‍ണായകം

ന്യൂഡല്‍ഹി: അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ഖാന്‍ മുത്താഖിയുടെ സന്ദര്‍ശനത്തിനു തൊട്ടു പിന്നാലെ ഇന്ത്യയിലെ അഫ്ഗാന്‍ എംബസിയുടെ നിയന്ത്രണം വേണമെന്ന ആവശ്യവുമായി താലിബാന്‍ സര്‍ക്കാര്‍ രംഗത്തെത്തി. താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുക്കുന്നതിനു മുമ്പേ നിയമിതരായ ഉദ്യോഗസ്ഥരാണ് ഇപ്പോഴും എംബസിയിലുള്ളത്. ഇവര്‍ മുത്താഖിയുടെ സന്ദര്‍ശനത്തോട് അത്ര അനുകൂലമായല്ല പ്രതികരിച്ചതും. മുത്താഖി എംബസിയിലെത്തുന്നതിനു തൊട്ടുമുമ്പ് ഒരു വിഭാഗം ജീവനക്കാര്‍ താലിബാനോടുള്ള എതിര്‍പ്പ് പരസ്യമായുയര്‍ത്തി മുദ്രാവാക്യം വിളികളുമായി എത്തുക പോലും ചെയ്തിരുന്നു. നിലവില്‍ താലിബാന്‍ സര്‍ക്കാരിന് എംബസിയുടെ മേല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിയന്ത്രണം െൈകെമാറിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് അഫ്ഗാന്‍ ഗവണ്‍മെന്റ് തന്നെ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. താലിബാന്റെ പതാക ഉയര്‍ത്താന്‍ പോലും നിലവിലെ ജീവനക്കാര്‍ അനുവദിക്കാതിരിക്കെയാണ് അവിടെ വിദേശകാര്യ മന്ത്രി പത്രസമ്മേളനം നടത്തിയത്. രാജ്യങ്ങളുടെ ഉന്നത നേതാക്കന്‍മാര്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ക്കു മുമ്പായി നയതന്ത്ര കാര്യാലയങ്ങളില്‍ അതതു രാജ്യങ്ങളുടെ പതാക ഉയര്‍ത്തുന്നതു പതിവു നടപടിയാണ്. അതാണ് അഫ്ഗാന്‍ എംബസിയില്‍ നടക്കാതെ പോയതും. ഈ ആവശ്യത്തോട് ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രതികരണമാണ് ഇനി പ്രധാനം.