കാബൂള്‍: അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം വഷളാക്കിയത് പാക്കിസ്ഥാനു തന്നെ വലിയ തിരിച്ചടിയായി മാറുന്നു. ഒരുവശത്ത് പാക്കിസ്ഥാനിലേക്കുള്ള നീരൊഴുക്കുകള്‍ തടഞ്ഞ് വെള്ളം കുടി മുട്ടിക്കാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍ മറുവശത്ത് അതേ തന്ത്രം തന്നെ പയറ്റാനൊരുങ്ങി അഫ്ഗാനിസ്ഥാനും. ഡ്യൂറന്റ് രേഖയില്‍ അടുത്തയിടെ നടന്ന ഏറ്റുമുട്ടലുകള്‍ക്ക് താല്‍ക്കാലിക പരിഹാരമായെങ്കിലും അടുത്ത പടിയായി അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ ആലോചനയിലുള്ളത് ജലയുദ്ധമാണ്. പാക്കിസ്ഥാനിലേക്കുള്ള നീരൊഴുക്ക് തടയുക എന്ന ഉദ്ദേശ്യത്തോടെ കാബൂള്‍ നദിയുടെ പ്രധാന പോഷക നദിയായ കുനാര്‍ നദിയില്‍ അണക്കെട്ട് നിര്‍മിക്കാനാണ് അഫ്ഗാന്റെ തീരുമാനം. ഇതു സംബന്ധിച്ച് ഇന്നലെ പ്രഖ്യാപനവും നടന്നു.
ഇരുപക്ഷത്തും വന്‍തോതില്‍ ആള്‍നാശമാണ് അടുത്തയിടെ നടന്ന ഏറ്റുമുട്ടലുകളില്‍ ഉണ്ടായത്. ഇനി ആള്‍നാശമുണ്ടാക്കുന്ന ഏറ്റുമുട്ടലുകള്‍ക്കു പകരം തന്ത്രപരമായ യുദ്ധത്തിലേക്കു തിരിയുന്നതിന്റെ ഭാഗമായി താലിബാന്റെ പരമോന്നത നേതാവ് മൗലവി ഹിബത്തുള്ള അഖുദ്‌സാദയാണ് അണക്കെട്ട് നിര്‍മാണത്തിന്റെ തീരുമാനം പ്രഖ്യാപിച്ചത്. നിര്‍മാണം ഉടന്‍ തന്നെ ആരംഭിക്കാനാണ് തീരുമാനമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി മുഹാജര്‍ ഫറാഫിയും സ്ഥിരീകരിച്ചു. അഫ്ഗാനികള്‍ക്ക് സ്വന്തം ജലം കൈകാര്യം ചെയ്യാനുള്ള അവകാശമുണ്ടെന്നും വിദേശ കമ്പനികളെക്കാള്‍ ആഭ്യന്തര കമ്പനികളായിരിക്കും നിര്‍മാണത്തിനു നേതൃത്വം നല്‍കുകയെന്നും ഫറാഫി എക്‌സില്‍ എഴുതി.
ഡാം നിര്‍മിക്കുന്നതിനുള്ള ആലോചനയിലേക്ക് അഫ്ഗാനിസ്ഥാന്‍ നേരത്തെ നീങ്ങിയിരുന്നുവെന്നാണ് സൂചനകള്‍. കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ ഡാം സൈറ്റ് അഫ്ഗാനിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുകയും പദ്ധതിയുടെ രൂപരേഖ തയാറാക്കുകയും ചെയ്തിരുന്നുവെന്നാണ് അറിയുന്നത്.

