നമ്മുടെ ചുറ്റുപാടും ധാരാളമായി സംഭവിക്കുന്ന കുഴഞ്ഞുവീണുള്ള മരണങ്ങളെ തടയാന്‍ വളരെ ലളിതമായൊരു മെഷീനു സാധിക്കുമെന്നറിയുക. രണ്ടു സ്മാര്‍ട്ട് ഫോണുകളുടെ വില മാത്രം വരുന്ന ഈ യന്ത്രം നമ്മുടെ പൊതു സ്ഥലങ്ങളിലും ജിമ്മുകളിലും റെയില്‍വേ സ്റ്റേഷനുകളിലും എന്നു വേണ്ട ആളുകള്‍ ധാരാളമായി വരുന്ന സ്ഥലങ്ങളിലൊക്കെ വയ്ക്കുകയാണെങ്കില്‍ കുഴഞ്ഞു വീണുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ തീര്‍ച്ചയായും സാധിക്കും. ഇതിന്റെ ഉപയോഗത്തിന് പ്രത്യേക പരിശീലനത്തിന്റെയൊന്നും ആവശ്യമേയില്ല എന്നതാണ് ഏറ്റവും ആകര്‍ഷകമായ കാര്യം. എന്നിട്ടും നമ്മുടെ സോഷ്യല്‍ മീഡിയയിലൊന്നും ഈ യന്ത്രം ആരുടെയും സംസാരത്തിനു വിഷയമാകുന്നതേയില്ല. കുഴഞ്ഞുവീണു മരണം എന്നു പൊതുവേ വിളിക്കുന്നത് സഡന്‍ കാര്‍ഡിയാക് അറസ്റ്റ് എന്ന അവസ്ഥയാണ്. ഇതിനു രണ്ടു വശങ്ങളുണ്ട്. ഒന്നാമത്തേത് ഇതൊരു ഇലക്ട്രിക്കല്‍ പ്രശ്‌നമാണെന്നതാണ്. ഹൃദയത്തിന്റെ മിടിപ്പ് കുറച്ചു സമയത്തേക്ക് താളം തെറ്റുകയാണ്. ഇതൊരു ഇലക്ട്രിക്കല്‍ പ്രശ്‌നമായതുകൊണ്ടു തന്നെ ഇതു പരിഹരിക്കണമെങ്കില്‍ ഒരു ഇലക്ട്രിക്കല്‍ മെഷീന്‍ തന്നെ ആവശ്യമാണ്. രണ്ടാമത്തെ പ്രശ്‌നം റെസ്‌പോണ്‍സ് ടൈമിന്റെ കാര്യമാണ്. നമ്മുടെ മുന്നില്‍ ഒരാള്‍ കുഴഞ്ഞു വീഴുകയാണെങ്കില്‍ അയാളെ ആശുപത്രിയിലെത്തിക്കാന്‍ ധാരാളം സമയം ആവശ്യമായി വരുന്നു. വളരെ പ്രധാനപ്പെട്ട സമയത്തിന്റെ നഷ്ടമാണ് ഇതിലൂടെ സംഭവിക്കുന്നത്. ഈ പ്രശ്‌നങ്ങള്‍ രണ്ടിനുമുള്ള പരിഹാരമാണ് എഇഡി എന്ന പേരില്‍ അറിയപ്പെടുന്ന ഓട്ടോമേറ്റഡ് എക്‌സ്റ്റേണല്‍ ഡീഫിബ്രിലേറ്റര്‍. ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പു തന്നെ ഏതൊരു വ്യക്തിക്കും കൊടുക്കാവുന്ന ചികിത്സ ഈ മെഷീന്‍ മുഖേന സാധിക്കും. താളം തെറ്റിയ ഹൃദയത്തിന്റെ വൈദ്യുതി പ്രശ്‌നം പരിഹരിക്കുകയാണ് ഈ യന്ത്രം ചെയ്യുക. ഇത് കൈയില്‍ കൊണ്ടു നടക്കാവുന്നത്ര ചെറുതാണ്. ഇതിന്റെ പാഡുകള്‍ രോഗിയുടെ നെഞ്ചില്‍ ഉറപ്പിക്കുക. ഇത് ഹൃദയമിടിപ്പിന്റെ ഇസിജി സ്വയം അനലൈസ് ചെയ്ത് തീരുമാനങ്ങളെടുത്ത് നെഞ്ചിനകത്തേക്ക് ഷോക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. വെറും എട്ടു സെക്കന്‍ഡ് കൊണ്ടു തന്നെ ഹൃദയത്തിന് ആവശ്യമായ ഷോക്ക് ചികിത്സ ഹൃദയത്തിനു കിട്ടിയിരിക്കും. അതോടെ രോഗി നമ്മുടെ കണ്‍മുന്നില്‍ വച്ചു തന്നെ ജീവിതത്തിലേക്കു തിരിച്ചുവരുന്നതു കാണാന്‍ സാധിക്കും. പാശ്ചാത്യ രാജ്യങ്ങളില്‍ എല്ലാ പൊതു ഇടങ്ങളിലും ഈ യന്ത്രം നിര്‍ബന്ധമായും ലഭ്യമാണ്. ഇതിന്റെ ഏറ്റവും ചെറിയ മോഡലിന് അമ്പത്തയ്യായിരം രൂപയാണ് വിലവരുന്നത്. ഹൈഎന്‍ഡ് മെഷീനുകള്‍ക്ക് ഒന്നര ലക്ഷം രൂപയോളമാകും. ഇന്ത്യയില്‍ എല്ലാ വര്‍ഷവും കുഴഞ്ഞു വീണു മരിക്കുന്നു എന്നറിയുമ്പോഴാണ് ഈ തുക ചെലവഴിക്കുന്നത് ഒരു നഷ്ടമല്ല എന്നറിയുന്നത്.
ഏഴു ലക്ഷം പേര്‍ വര്‍ഷം തോറും കുഴഞ്ഞു വീണുമരിക്കുന്ന നാട്ടില്‍ എന്തേ 55000 രൂപയുടെ മെഷീന്‍ ആര്‍ക്കും വേണ്ടേ

