മെറ്റ വീണ്ടും കേസിന്റെ കുരുക്കില്‍, ഇക്കുറി കളവുകേസ്, അതുമൊരു നാറ്റക്കേസ്

മെറ്റയ്ക്ക് കേസുകെട്ടും പരാതികളും പുതുമയല്ലെങ്കിലും ഇപ്പോഴിതാ പുറത്തു പറയാന്‍ നാണിക്കേണ്ട കേസില്‍ കൂടി ഉള്‍പ്പെട്ടിരിക്കുകയാണിപ്പോള്‍. നീലച്ചിത്രങ്ങളുടെ ഉള്ളടക്കം കട്ടുവെന്ന പരാതിയും നഷ്ടപരിഹാരത്തിന്റെ ആവശ്യവുമായി വന്നിരിക്കുന്നത് ഇത്തരം ചിത്രങ്ങളുടെ ലോകത്തിലെ തന്നെ മുന്‍നിര നിര്‍മാതാക്കളാണ്. രതിചിത്രങ്ങള്‍ മാത്രം പിടിക്കുകയും അവ മാത്രം വിറ്റ് പണമുണ്ടാക്കുകയും ചെയ്യുന്ന കമ്പനികളായ സ്‌ട്രൈക്ക് 3 ഹോള്‍ഡിങ്‌സ്, കൗണ്ടര്‍ലൈഫ് മീഡിയ എന്നിവരാണ് കളവ് കയ്യോടെ പിടികൂടി പരസ്യമായി രംഗത്തു വന്നിരിക്കുന്നത്.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങിയ ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യകളും വികസിപ്പിക്കാന്‍ മെറ്റ നിരന്തര പരിശ്രമത്തിലാണെന്നു മാത്രമായിരുന്നു ഇതുവരെ ലോകത്തിന് അറിയാവുന്നത്. എന്നാല്‍ നീലച്ചിത്ര നിര്‍മാതാക്കള്‍ പറയുന്നത് മെറ്റയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ മറ്റേ കാര്യങ്ങള്‍ കൂടി പഠിപ്പിക്കാന്‍ ഇവരുടെ നീലച്ചിത്രങ്ങല്‍ മെറ്റ വ്യാപകമായി ഡൗണ്‍ലോഡ് ചെയ്തുവെന്നാണ്. ഇതിനു തെളിവും അവരുടെ പക്കല്‍ വേണ്ടുവോളമുണ്ട്. ഡൗണ്‍ലോഡ് ചെയ്ത വീഡിയോകളെല്ലാം രതിചിത്ര കമ്പനികള്‍ക്ക് പകര്‍പ്പവകാശമുള്ളതാണത്രേ. കമ്പനികളോട് അനുവാദം വാങ്ങാതെയും ക്രിയേറ്റര്‍മാര്‍ക്ക് പ്രതിഫലം നല്‍കാതെയുമാണ് ഡൗണ്‍ലോഡ് മുഴുവന്‍ നടന്നിട്ടുള്ളത്. ഇതിനെല്ലാം ചേര്‍ന്ന് നഷ്ടപരിഹാരമായി 36 കോടി ഡോളര്‍ വേണമെന്നാണ് ഇവരുടെ ആവശ്യം.