അടൂര്‍ തുറന്നടിച്ചു, പിന്നാലെ എയറിലായി

തിരുവനന്തപുരം: പട്ടികജാതിവിരുദ്ധതയുടെയും സ്ത്രീവിരുദ്ധതയുടെയും ആരോപണശരങ്ങളേറ്റ് വിശ്രുത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. തിരുവനന്തപുരത്ത് സംസ്ഥാന ഗവണ്‍മെന്റ് മുന്‍കൈയെടുത്തു നടത്തിയ സിനിമ കോണ്‍ക്ലേവിന്റെ സമാപന സമ്മേളനത്തിലെ അടൂരിന്റെ പ്രസംഗമാണ് വിവാദമായിരിക്കുന്നത്.
പട്ടികജാതി വിഭാഗങ്ങളില്‍ നിന്നു സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയാണ് ആദ്യമായി വേണ്ടതെന്നായിരുന്നു അടൂരിന്റെ പരാമര്‍ശം. അതുപോലെ വനിതകളായതു കൊണ്ടു മാത്രം അവര്‍ക്ക് അവസരങ്ങള്‍ കൊടുക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ആര്‍ക്കും വെറുതെ പണം കൊടുക്കരുതെന്നും നിലവില്‍ കൊടുത്തിരിക്കുന്ന ഒന്നര കോടി രൂപ വളരെ വലിയ തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നത് വൃത്തികെട്ട സമരമാണ്. അച്ചടക്കം കൊണ്ടുവരാന്‍ ശ്രമിച്ചതിനാണവിടെ സമരം നടന്നത്. ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്ഥാപനമായി ഇന്‍സ്റ്റിറ്റ്യൂട്ടിനെ മാറ്റുന്നതിനിടയിലാണ് അവിടെ സമരം വരുന്നത്. തങ്ങള്‍ ചുമതലയേല്‍ക്കുന്നത് ഇന്‍സ്റ്റിറ്റ്യൂട്ട് നശിച്ചു കിടന്ന സമയത്താണ്. ആ സ്ഥാപനത്തെ ഇപ്പോള്‍ ഒന്നുമല്ലാതാക്കി.’ അടൂര്‍ തുറന്നടിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ഉള്‍പ്പെടെ വേദിയിലിരിക്കുന്ന സമയത്താണ് അടൂരിന്റെ വിവാദ പ്രസംഗം. വേദിയിലുണ്ടായിരുന്ന ഇതര സിനിമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെങ്കിലും അതു വകവയ്ക്കാതെ അടൂര്‍ പ്രസംഗം തുടരുകയായിരുന്നു.