അജിത്കുമാറിന്റെ പണിപാളുന്നോ, കോടതി വരച്ചവരയില്‍ വരുന്നില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിലാളനം വേണ്ടതിലധികം കിട്ടി ഠപ്പേന്ന് നല്ല നല്ല കസേരകള്‍ കിട്ടിയെങ്കിലും എഡിജിപി അജിത്കുമാറിന് മെല്ലെയാണെങ്കിലും പണി പാളുകയാണോ. വിജിലന്‍സ് കോടതി അതിന്റെ വഴിക്കു പോകുകയാണ്. കണക്കില്‍ പെടാതെ സ്വത്തുണ്ടാക്കി എന്ന കേസില്‍ സംസ്ഥാന വിജിലന്‍സ് വകുപ്പ് ക്ലീന്‍ ചിറ്റ് നല്‍കിയെങ്കിലും കോടതിയില്‍ അതൊന്നും വിലപ്പോയില്ല. കോടതിയതങ്ങ് തള്ളി. ഇന്നു കേസ് കോടതിയിലെത്തിയപ്പോഴാണ് ഈ സംഭവവികാസം. ഇത്രത്തോളം കാര്യങ്ങളെത്തിയത് അജിത്കുമാറിന്റെ വഴി വിലങ്ങാനാണ് സാധ്യതയെന്നു പറയപ്പെടുന്നു.
കവടിയാറില്‍ ഭാര്യാസഹോദരന്റെ പേരില്‍ അജിത്കുമാര്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട കേസാണ് കോടതി പരിഗണിച്ചത്. ഇതിനു പിന്നില്‍ വരവില്‍ കൂടിയ വരുമാനം വിനിയോഗമാണെന്നു കാട്ടി അഭിഭാഷകനായ നാഗരാജാണ് കോടതിയിലെത്തിയത്. സംസ്ഥാന വിജിലന്‍സ് നേരത്തെ ഈ കേസില്‍ സംശയിക്കത്ത ഇടപാടൊന്നുമില്ലെന്നു കാട്ടി അജിത് കുമാറിന് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നതാണ്. അതാണ് കോടതി നാലായി മടക്കി മാറ്റിവച്ചത്. അതായത് ഒരിക്കല്‍ കൂടി അജിത് കുമാറിനെതിരായ അന്വേഷണം ഒന്നില്‍ നിന്നു തുടങ്ങേണ്ടി വരും.