കവടിയാറിലെ ഭൂമി അമ്മായച്ഛന്‍ തന്നത്, അജിത്കുമാറിന്റെ മൊഴി ചോര്‍ന്നു

തിരുവനന്തപുരം: കള്ളപ്പണം കൊണ്ട് സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ എഡിജിപി അജിത്കുമാറിന്റെ മൊഴി ചോര്‍ന്നു. വിജിലന്‍സ് അന്വേഷണത്തിനിടെ അജിത് നല്‍കിയ മൊഴിയാണ് പുറത്തായിരിക്കുന്നത്. തനിക്കെതിരായ കേസില്‍ രേഖകള്‍ വ്യാജമാണെന്നും ഇവ ചോര്‍ന്നത് പോലീസിനുള്ളില്‍ നിന്നു തന്നെയാണെന്നും അദ്ദേഹം മൊഴിയില്‍ പറയുന്നു. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. അമ്മായച്ഛന്‍ സമ്മാനമായി നല്‍കിയ ഭൂമിയിലാണ് വീടു നിര്‍മാണം നടക്കുന്നത്. അല്ലാതെ ഫ്‌ളാറ്റ് മറിച്ചു വിറ്റ് കാശുണ്ടാക്കിയിട്ടില്ലെന്നും അജിത് കുമാര്‍ മൊഴിയില്‍ പറയുന്നുണ്ടെന്നാണ് അറിയുന്നത്.
തനിക്കെതിരായ ആരോപണത്തിനു പിന്നില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനു പങ്കുണ്ട്. അദ്ദേഹത്തിനു വഴങ്ങാത്തതാണ് ആരോപണം വരാന്‍ കാരണം. ഇതേ തുടര്‍ന്ന് അന്‍വറുമായി താന്‍ സംസാരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചതനുസരിച്ചാണ് ഇങ്ങനെയൊരു കൂടിക്കാഴ്ച നടത്തിയത്. സംശയങ്ങള്‍ തീര്‍ത്തെടുക്കണമെന്നായിരുന്നു തന്നോടു നിര്‍ദേശിച്ചിരുന്നതെന്നും അജിത് മൊഴി നല്‍കിട്ടുണ്ടെന്നറിയുന്നു.
കള്ളപ്പണം കൊണ്ടു സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ അജിത്തിന് അനുകൂലമായി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍ കോടതി ഇന്നലെ തള്ളിയിരുന്നു. കടുത്ത വാക്കുകളിലുള്ള വിമര്‍ശനമാണ് ഇക്കാര്യത്തില്‍ കോടതിയില്‍ നിന്നുണ്ടായത്. ഇതിനു തൊട്ടു പിന്നാലെയാണ് അജിത്തിന്റെ മൊഴി പുറത്തായിരിക്കുന്നത്.