പോലീസില്‍ സര്‍വത്ര ലീക്കാണെന്നോ, ഇന്നലെയൊരു ലീക്ക് ഇന്നു മറുലീക്ക്

തിരുവനന്തപുരം: കേരള പോലീസില്‍ രണ്ടു ദിവസമായി ലീക്കിന്റെ കളിയാണ്. ഇന്നലെ ലീക്കായത് അഥവാ പുറത്തായത് എഡിജിപി അജിത്കുമാര്‍ വിജിലന്‍സ് അന്വേഷണത്തില്‍ നല്‍കിയ മൊഴിയാണെങ്കില്‍ ഇന്നു ലീക്കായിരിക്കുന്നത് വിജിലന്‍സ് വിഭാഗം അന്വേഷണത്തിനു ശേഷം ഗവണ്‍മെന്റിന് ആദ്യവും പിന്നീട് കോടതിക്കും നല്‍കിയ റിപ്പോര്‍ട്ടാണ്.
ഈ റിപ്പോര്‍ട്ട് അതില്‍ തന്നെ വെറും തല്ലിക്കൂട്ടാണെന്ന് വ്യക്തമാണ്. ആരോപണങ്ങളിലൊന്നും തെളിവില്ലെന്ന് ഒഴുക്കന്‍ മട്ടില്‍ സ്ഥാപിച്ചിരിക്കുകയാണ്. ഈ നിഗമനത്തിലെത്തുന്നതിന് അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത് ബന്ധപ്പെട്ട കുറച്ചു പേരുടെ മൊഴി മാത്രമാണ്. അതായത് മൊഴിയെടുപ്പിനപ്പുറം ഒരു തരത്തിലുള്ള അന്വേഷണവും നടത്തിയിട്ടില്ലെന്നു ചുരുക്കം. അഞ്ച് ആരോപണങ്ങള്‍ക്കെതിരേയാണ് അജിത്തിനെതിരേ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നത്. മലപ്പുറം ക്യാമ്പ് ഓഫീസിലെ മരംമുറി, ഷാജന്‍ സ്‌കറിയയുമായി ബന്ധപ്പെട്ട കേസ് ഒഴിവാക്കിയത്, കവടിയാറിലെ ആഡംബര വീടിന്റെ നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ളാറ്റ് വില്‍പന, അനധികൃത സ്വത്ത് സമ്പാദനം എന്നീ ആരോപണങ്ങളിലായിരുന്നു അന്വേഷണമെങ്കിലും സര്‍വതിലും മൊഴിയെടുപ്പ് മാത്രമാണ് നടന്നിരിക്കുന്നത്. ഇത്ര ലളിതമായൊരു റിപ്പോര്‍ട്ടാണ് പലവിധ കാരണങ്ങള്‍ പറഞ്ഞ് വിവരാവകാശപ്രകാരമുള്ള അപേക്ഷയില്‍ ഗവണ്‍മെന്റ് പിടിച്ചു വച്ചത്.