ന്യൂഡല്‍ഹി: ഗൗതം അദാനിയുടെ സിമന്റ് കമ്പനിയായ എസിസിക്കെതിരേ കനത്ത പിഴയുമായി ആദായ നികുതി വകുപ്പ്. രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി23.07 കോടി രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്. 2015-16 അവലോകന വര്‍ഷത്തില്‍ സമര്‍പ്പിച്ച റിട്ടേണില്‍ തെറ്റായ വിവരങ്ങള്‍ കാണിച്ചതിനും 2018-19 അവലോകന വര്‍ഷത്തെ വരുമാനം കുറച്ചു കാണിച്ചതിനുമാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇതിനെതിരേ അപ്പീല്‍ നല്‍കുമെന്ന് എസിസി അറിയിച്ചു.
തെറ്റായ വിവരങ്ങള്‍ റിട്ടേണില്‍ കാണിച്ചതിന് 14.22 കോടി രൂപയും വരുമാനം കുറച്ചു കാണിച്ചതിന് 8.85 കോടി രൂപയുമാണ് പിഴയായി ചുമത്തിയിരിക്കുന്നത്. ഇതിനു രണ്ടിനുമെതിരേ ഇന്‍കം ടാക്സ് കമ്മീഷണറേറ്റില്‍ അപ്പീല്‍ നല്‍കുമെന്ന് എസിസി അറിയിച്ചു. അതിനൊപ്പം കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിക്കുന്നതിനുമുള്ള ഒരുക്കത്തിലാണിവര്‍. രണ്ടിനത്തിലും പിഴ ഒടുക്കുന്നതിനുള്ള ഉത്തരവ് ഒക്ടോബര്‍ ഒന്നിനാണ് എസിസിയില്‍ ലഭിക്കുന്നത്. തുക വലുതാണെങ്കില്‍ കൂടി കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നാണ് എസിസി പത്രക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. അദാനി സിമന്റ് എന്ന അദാനി സ്ഥാപനത്തിന്റെ ഉപ കമ്പനിയാണ് എസിസി. ഗൗതം അദാനിയുടെ ഉടമസ്ഥതയിലേക്ക് എസിസി എത്തുന്നതിനു മുമ്പുള്ള കാലത്തെ റിട്ടേണുകളുടെ പേരിലാണ് പിഴ രണ്ടും ലഭിച്ചിരിക്കുന്നത്. 2022ലാണ് സ്വിറ്റ്സര്‍ലാന്‍ഡിലെ ഹോള്സിയം ഗ്രൂപ്പില്‍ നിന്ന് അംബുജ സിമന്റ്സിനെയും അതിന്റെ ഉപ കമ്പനിയായ എസിസിയെയും അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. 640 കോടി അമേരിക്കന്‍ ഡോളറിന്റെ വലിയൊരു ഏറ്റെടുക്കലായിരുന്നു അത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ എസിസിയില്‍ നിന്നുള്ള വിറ്റുവരവ് 21762 കോടി രൂപയാണ്.
തെറ്റായ കണക്കുകളും ആദായത്തില്‍ കളവും കാണിച്ച അദാനി കമ്പനിക്ക് 23 കോടി പിഴ

