റിയാദ്: മലയാളത്തിന്റെ സുമനസുകള്‍ കൈകോര്‍ത്തു സമാഹരിച്ച 34 കോടി രൂപ അവസാനം ഫലകാണുന്നു. അടുത്ത വര്‍ഷം ഈ സമയമാകുമ്പോള്‍ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീം കേരളത്തിലെ സ്വന്തം വീട്ടിലുണ്ടാകും. റഹീമിന്റെ ശിക്ഷ നീട്ടാനോ ഉയര്‍ത്താനോ ഇനി ഒരു കോടതിക്കും സാധിക്കില്ല. സൗദിയിലെ സുപ്രീം കോടതി ഇതില്‍ അന്തിമ വിധി പുറപ്പെടുവിച്ചു കഴിഞ്ഞു. ഇരുപതു വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കുന്ന 2026 മെയ്മാസത്തില്‍ ഇയാള്‍ക്ക് ജയിലിനു പുറത്തിറങ്ങാം. തിരികെ സ്വദേശത്തേക്കു മടങ്ങാം. കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിക്കളഞ്ഞു.
സൗദി ബാലനായ അനസ് അല്‍ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അബ്ദുള്‍ റഹീം 2006ല്‍ അറസ്റ്റിലാകുന്നത്. വിചാരണ നടക്കുന്ന കാലയളവ് മുഴുവന്‍ റഹീം ജയിലിലായിരുന്നു. 2012ല്‍ ഈ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ടു. മരിച്ച കുട്ടിയുടെ കുടുംബത്തിന് ദയാധനം നല്‍കിയാല്‍ വധശിക്ഷയില്‍ നിന്ന് ഇളവു കിട്ടുമെന്നറിഞ്ഞ് മലയാളികള്‍ ഒറ്റക്കെട്ടായി ദയാധനം പിരിച്ചു. കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടത് ഒന്നര കോടി റിയാല്‍, അതായത് 34 കോടി രൂപ. അത്രയും പണവും സമാഹരിക്കാനായി. ആ പണം കുട്ടിയുടെ കുടുംബം സ്വീകരിച്ചതോടെ കോടതി വധശിക്ഷ ഒഴിവാക്കി നല്കി. അപ്പോഴേക്കും പ്രോസിക്യൂഷന്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് കോടതിയിലെത്തി. അതിലാണ് ഇപ്പോള്‍ തീര്‍പ്പു വന്നിരിക്കുന്നത്.
ദയാധനം പിരിച്ച് മലയാളി, ദയതോന്നി കോടതി. കോഴിക്കോട്ടെ അബ്ദുള്‍ റഹീം അടുത്ത മേയില്‍ ജയില്‍ വിടും

