ന്യൂഡല്‍ഹി: ബീഹാര്‍ വോട്ടര്‍ പരിഷ്കരണത്തിനെതിരായ വാദം കേള്‍ക്കവേ ആധാര്‍ കാര്‍ഡിനെതിരേ സുപ്രീം കോടതിയുടെ നിര്‍ണായക നിരീക്ഷണം. ആധാര്‍ കാര്‍ഡ് പൗരത്വത്തിനുള്ള ആധികാരിക രേഖയായി കണക്കാക്കാനാവില്ലെന്ന നിരീക്ഷണമാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച് ഈ നീരീക്ഷണം നടത്തിയത്. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മഷന്റെ വാദം ശരിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. അതിനവര്‍ക്ക് അധികാരമില്ലെങ്കില്‍ ഈ കേസ് അതോടെ തീര്‍ന്നു. അധികാരമുണ്ടെങ്കില്‍ വോട്ടര്‍ പട്ടിക പരിഷ്കരണം ഒരു വ്യവഹാര വിഷയമല്ലെന്നും കോടതി നിരീക്ഷിച്ചു. കേസിന്മേല് വാദം തുടരുകയാണ്. വോട്ടര്‍മാരെ വ്യാപകമായി ഒഴിവാക്കുന്നതിലേക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വഴിവയ്ക്കുന്നതെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. 2003ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ പോലും പുതിയ ഫോം പൂരിപ്പിച്ചു നല്‍കേണ്ടിവരുമെന്നും ഒട്ടനവധി പേര്‍ക്ക് വോട്ടവകാശം നഷ്ടപ്പെടുന്നതിന് ഇതുവഴി ഇടയാകുമെന്നും അദ്ദേഹം വാദിച്ചു.
മരണം മൂലമോ താമസം മാറിയതിനാലോ ഒഴിവാക്കപ്പെട്ട വോട്ടര്‍മാരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി രേഖകളിലോ കമ്മീഷന്റെ വെബ്സൈറ്റിലോ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മറ്റൊരു അഭിഭാഷകന് പ്രശാന്ത് ഭൂഷണ് പറഞ്ഞു. ബൂത്ത് തലത്തിലുള്ള ചില ഏജന്റുമാര്‍ക്ക് ചില വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നു. എന്നാല്‍ മറ്റാര്‍ക്കും അതു നല്കാന് ബാധ്യതയില്ലെന്ന നിലപാടാണവര്‍ക്ക്. പ്രശാന്ത് ഭൂഷണ് ആരോപിച്ചു.
ആധാറിന് ആധികാരികതയില്ല, സുപ്രീം കോടതി
