ആല്‍ബറി സെന്‍ട്രല്‍ മോട്ടലിനു തീയിട്ട സ്ത്രീ അറസ്റ്റില്‍, വംശീയാക്രമണമെന്നു പരാതി

ന്യൂ സൗത്ത് വെയില്‍സിലെ ആല്‍ബറി സെന്‍ട്രല്‍ മോട്ടലിലെ അഗ്നിബാധയുമായി ബന്ധപ്പെട്ട കേസില്‍ ഒരു സ്ത്രീ അറസ്റ്റില്‍. ഇവര്‍ മോട്ടലിനു മനപ്പൂര്‍വം തീയിടുകയായിരുന്നെന്നും വംശവെറിയാണ് ഇതിനവരെ പ്രേരിപ്പിച്ചതെന്നും കത്തിനശിച്ച മോട്ടലിന്റെ ഉടമയായ ഇന്ത്യന്‍ വംശജന്‍ ആരോപിച്ചു. എന്നാല്‍ ഇക്കാര്യം പോലീസ് ശരിവയ്ക്കുന്നില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് തീപിടുത്തമുണ്ടാകുന്നത്. മോട്ടലില്‍ താമസിക്കുകയായിരുന്ന സ്ത്രീ ഉടമയായ ഇന്ത്യന്‍ വംശജനെ വംശീയമായ രീതിയില്‍ അധിക്ഷേപിച്ചതിനു ശേഷം സ്വന്തം ബാഗുകളുമെടുത്ത് പുറത്തിറങ്ങി തീയിടുകയായിരുന്നെന്ന് ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. നിരവധി മണിക്കൂറുകളുടെ അധ്വാനം കൊണ്ടാണ് അഗ്നിസേനാംഗങ്ങള്‍ക്ക് തീയണയ്ക്കാനായത്. അപ്പോഴേക്കും കെട്ടിടം മുഴുവന്‍ കത്തിയമര്‍ന്നിരുന്നു. ഉടമയുടെ മുഴുവന്‍ സമ്പാദ്യവുമാണ് ചാരമായി മാറിയത്. അറസ്റ്റിലായ സ്ത്രീയുടെ പേരുവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഉടമ സ്വന്തം പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നതുമില്ല.