ജറുസലേം: കുറച്ച് പൊട്ടിയ കുടങ്ങള്‍ക്കും തറയോടുകള്‍ക്കുമായി ഇസ്രയേല്‍ സേനയോട് കെഞ്ചി കാര്യം നടത്തിയെടുക്കാന്‍ പെടാപ്പാടു പെടുന്ന ഏതാനും ചെറുപ്പക്കാരായിരുന്നു രണ്ടു ദിവസം മുമ്പ് ഗാസയിലെ അസാധാരണ കാഴ്ച. ബൈസന്റൈന്‍ കാലത്തേതോ അതിനു മുമ്പത്തെയോ കാലം ബാക്കിവച്ച ധാരാളം പുരാവസ്തുക്കള്‍ ഗാസയിലെ ഒരു കെട്ടിടത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഈ കെട്ടിടത്തില്‍ ഹമാസ് തീവ്രവാദികള്‍ രക്ഷതേടിയിരിക്കുന്ന എന്ന അറിവിന്റെ അടിസ്ഥാനത്തില്‍ കെട്ടിടത്തിനു നേരേ വ്യോമാക്രമണം ഉണ്ടാകാന്‍ പോകുന്നതായ മുന്നറിയിപ്പ് വരുന്നു. അപ്പോഴാണ് ഗാസയില്‍ ആരോഗ്യ രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന ഒരു സംഘം ചെറുപ്പക്കാര്‍ക്ക് ഈ ആക്രമണം മൂലമുണ്ടാകാന്‍ പോകുന്ന നാശത്തിന്റെ വ്യാപ്തി പിടികിട്ടുന്നത്. ഈ പുരാവസ്തുക്കള്‍ ഒരിക്കല്‍ നശിച്ചു കഴിഞ്ഞാല്‍ വീണ്ടെടുക്കാന്‍ ഒരിക്കലും സാധിക്കുകയുമില്ലല്ലോ. പ്രീമിയറെ അര്‍ജന്‍സേ ഇന്റര്‍നാഷണലേ എന്ന ആരോഗ്യ സംരക്ഷണ സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകരായി പല നാടുകളില്‍ നിന്നെത്തിയിരിക്കുന്ന അവര്‍ക്ക് സൈന്യത്തോട് അപേക്ഷിക്കാനുണ്ടായിരുന്നത് ഏതാനും മണിക്കൂര്‍ സമയത്തേക്ക് ആക്രമണം മാറ്റിവയ്ക്കണം.
ഒമ്പതു മണിക്കൂര്‍ ഇസ്രയേല്‍ സേനയുമായി തര്‍ക്കിച്ചും യാചിച്ചും ഇവര്‍ ചര്‍ച്ച തുടര്‍ന്നു. അവസാനമാണ് സമ്മതം കിട്ടുന്നത്. അപ്പോഴും അടുത്ത പ്രശ്‌നം. ഗാസയില്‍ ട്രക്ക് കിട്ടാനില്ല, അഥവാ കിട്ടിയാലും പെട്രോള്‍ കിട്ടാനില്ല. ആ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാനായി കുറേ പേര്‍ നീങ്ങി. ബാക്കിയുള്ളവര്‍ കൈയില്‍ കിട്ടിയ പെട്ടികളിലും കാര്‍ട്ടനുകളിലുമായി എല്ലാം വാരിക്കെട്ടി പായ്ക്ക് ചെയ്തു. ഒരു നിമിഷം ഇളവെടുക്കാതെയുള്ള പ്രവര്ത്തനമായിരുന്നു അത്. ആറു മണിക്കൂറിനുള്ളില്‍ ആയിരത്തോളം സാധനങ്ങളാണ് സുരക്ഷിതമായി പായ്ക്ക് ചെയ്യേണ്ടിയിരുന്നത്. വെറുതെ വാരിനിറയ്ക്കാനാവില്ല, ഓരോന്നിനും ഓരോ പെട്ടി വീതം. അങ്ങനെ അതു മുഴുവന്‍ പായ്ക്ക് ചെയ്തു കഴിഞ്ഞപ്പോഴേക്ക് ട്രക്കിനായി പോയവര്‍ ട്രക്കുമായെത്തി. ഇതെല്ലാം ട്രക്കില്‍ പെറുക്കിയടുക്കി വാഹനം കാഴ്ചയില്‍ നിന്നു മറയുമ്പോഴേക്ക് ഇസ്രയേല്‍ സേ അനുവദിച്ച സമയം കഴിയുന്നു. ആ കെട്ടിടത്തിനും മറ്റു കെട്ടിടങ്ങളുടെ അതേ അവസ്ഥ. എല്ലാം തവിടുപൊടി. ഇപ്പോള്‍ ഗാസ മുനമ്പില്‍ തന്നെ ദൂരെയൊരിടത്താണ് സാധനങ്ങള്‍ താല്‍ക്കാലികമായി ഇവര്‍ അടുക്കിയിരിക്കുന്നത്. അവിടെയും എത്രനാള്‍ എന്നതു മാത്രമാണ് ഇവര്‍ക്കു മുമ്പിലുള്ള ചോദ്യം.
നാലാം നൂറ്റാണ്ടിലെ പുരാവസ്തുക്കള്‍ 25 വര്‍ഷം നീണ്ട പര്യവേഷണത്തിലൂടെയായിരുന്നു കണ്ടെടുത്തിരുന്നത്. അവയാണ് സുരക്ഷിതമായ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്നതും. യുണെസ്‌കോയുടെ പൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നതാണ് പര്യവേഷണം നടത്തിയ സ്ഥലം മുഴുവന്‍.
ഗാസയുടെ മണ്ണില്‍ പുരാവസ്തുക്കളുടെ സംരക്ഷണത്തിനായി കുറച്ചു ചെറുപ്പക്കാര്‍ നടത്തിയ യുദ്ധം വേറിട്ട കാഴ്ച

