സന്നിധാനത്തെ പൊന്‍പീഠം കിട്ടി, പോറ്റിയുടെ വാക്കുകള്‍ കുരുക്കിലേക്ക് നീങ്ങുന്നു

പത്തനംതിട്ട: ദ്വാരപാലക ശില്‍പത്തിന്റെ ഭാഗവും ശബരിമലയില്‍ നിന്നു കാണാതായതുമായ സ്വര്‍ണ പീഠം പരാതിക്കാരനും സ്‌പോണ്‍സറുമായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നു കണ്ടെത്തി. ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് കഥയിലാകെ ട്വിസ്റ്റ് വരുന്ന ഈ കണ്ടെത്തലുണ്ടായിരിക്കുന്നത്. സ്‌പോണ്‍സറുടെ ബന്ധുവീട്ടില്‍ നിന്നു പീഠം സന്നിധാനത്തെ സ്‌ട്രോങ് റൂമിലേക്കു മാറ്റിയിട്ടുണ്ട്. ഇന്നു ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ അഴിച്ചെടുത്ത് അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലേക്കു കൊണ്ടുപോയതുമായി ബന്ധപ്പെട്ട് വിവാദം കത്തി നില്‍ക്കുമ്പോഴായിരുന്നു പീഠം സംബന്ധിച്ച വെളിപ്പെടുത്തല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയില്‍ നിന്നുണ്ടാകുന്നത്. ദ്വാരകപാലക ശില്‍പങ്ങള്‍ക്ക് വേറൊരു പീഠം കൂടി നിര്‍മിച്ചു നല്‍കിയിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. മൂന്നു പവന്‍ സ്വര്‍ണമായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. ആ പീഠം സ്‌ട്രോങ് റൂമില്‍ ഉണ്ടാകുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും ഇപ്പോള്‍ അവിടെ ഇല്ലെന്നാണറിയുന്നതെന്നായിരുന്നു പോറ്റിയുടെ വെളിപ്പെടുത്തല്‍. അതോടെയാണ് സ്വര്‍ണപ്പാളികള്‍ക്കൊപ്പം സ്വര്‍ണ പീഠം കൂടി വിവാദത്തിലേക്കു വരുന്നത്. ഏതായാലും ആ വിവാദത്തിന് ഇതോടെ അവസാനമായിരിക്കുകയാണ്. എന്നാല്‍ അതിലേറെ ദുരൂഹമാകുന്നത് പരാതിക്കാരന്റെ ബന്ധുവീട്ടില്‍ പീഠം എങ്ങനെ വന്നുവെന്നതാണ്.