കണ്ണൂര്‍: ബിജെപി നേതാവും നിലവില്‍ രാജ്യസഭാംഗവുമായ സി സദാനന്ദന്റെ കാലുകള്‍ വെട്ടി മാറ്റിയ കേസില്‍ പ്രതികള്‍ അവസാനം കീഴടങ്ങി ജയിലില്‍ പ്രവേശിച്ചു. സംഭവം നടന്ന് മുപ്പതു വര്‍ഷത്തിനു ശേഷമാണിവരുടെ കീഴടങ്ങല്‍. മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ പഴശി സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ സിപിഎം പ്രവര്‍ത്തകര്‍ ആവേശോജ്വലമായ യാത്രയയപ്പ് നല്‍കിയാണ് പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചത്. പ്രതികള്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിരുന്ന അവസാന ദിനമായിരുന്നു ഇന്നലെ.
സിപിഎമ്മുകാരായ എട്ടു പ്രതികളെയാണ് നേരത്തെ വിചാരണ കോടതി ശിക്ഷിച്ചിരുന്നത്. ഏഴുവര്‍ഷത്തെ തടവായിരുന്നു ശിക്ഷയായി വിധിച്ചിരുന്നത്. ഇതിനെതിരേ ഇക്കാലമത്രയും അപ്പീല്‍ നല്‍കി നിയമപോരാട്ടത്തിലായിരുന്നു പാര്‍ട്ടിയും പ്രതികളും. 1994 ജനുവരിയിലായിരുന്നു സദാനന്ദന്‍ ആക്രമിക്കപ്പെട്ടത്. 2007ല്‍ തലശേരി പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. ഇതിനെതിരായ അപ്പീലില്‍ 2013ല്‍ തലശേരി സെഷന്‍സ് കോടതി ശിക്ഷ ശരിവച്ചു. തുടര്‍ന്ന് സദാനന്ദന്‍ നല്‍കിയ ക്രിമിനല്‍ റിവിഷന്‍ അപ്പീല്‍ അനുവദിച്ചുകൊണ്ട് ഹൈക്കോടതിയും ശിക്ഷ ശരിവച്ചുവെന്നു മാത്രമല്ല, പിഴത്തുക വര്‍ധിപ്പിക്കുകയും ചെയ്തു. ഇതിനെതിരേ പ്രതികള്‍ സുപ്രീം കോടതിയിലെത്തിയെങ്കിലും ഹര്‍ജി ഫയലില്‍ പോലും സ്വീകരിക്കാതെ കോടതി തള്ളി. അതോടെയാണ് ഇന്നലെ പ്രതികള്‍ കീഴടങ്ങിയതും യാത്രയയപ്പ് ഏറ്റുവാങ്ങി സെന്‍ട്രല്‍ ജയിലിലേക്ക് പോയതും.
ആവേശം നിറഞ്ഞ യാത്രയയപ്പ്, കാല്‍വെട്ടു പ്രതികള്‍ ജയിലിലേക്ക്
